തൃശ്ശൂരിൽ നാല് വിദ്യാർത്ഥികൾക്ക് കൂടി നോറോവൈറസ്: ആകെ കേസുകളുടെ എണ്ണം അറുപതായി

  • 30/11/2021


തൃശ്ശൂർ: ജില്ലയിൽ നാല് നോറോ കേസുകൾ കൂടി സ്ഥിരീകരിച്ചു. നേരത്തെ നോറോവൈറസ് ബാധയുണ്ടായ സെന്റ് മേരീസ് കോളേജിലെ നാല് വിദ്യാർത്ഥികൾക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഇതോടെ തൃശ്ശൂരിലെ ആകെ നോറോകേസുകളുടെ എണ്ണം 60 ആയി. വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കോളേജിലെ ക്ലാസുകൾ പൂണമായും ഓൺലൈനിലാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കോളേജിലെ കാന്റീനും ആരോഗ്യവകുപ്പ് ഇടപെട്ട് അടപ്പിച്ചു. രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

ഹോസ്റ്റലിലെ മലിനമായ വെള്ളമാണ് രോഗത്തിന് കാരണമെന്ന് നേരത്തെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. പ്രദേശത്തെ കിണറുകൾ ഉൾപ്പെടെ മറ്റു ജലസ്രോതസ്സുകളിൽ ശുചീകരണം തുടരുകയാണ്. ഹോസ്റ്റലുകളിലും ആളുകൾ ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിലും ജാഗ്രത നിർദേശം നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ആണ് വിദ്യാർത്ഥികളിൽ നോറോവൈറസ് ബാധ സ്ഥിരീകരിച്ചത്. 

രോഗം പകരാതിരിക്കാൻ വൈറസ് ബാധിതരായ വിദ്യാർത്ഥികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 25 ഓളം വിദ്യാർത്ഥികളെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. മറ്റ് ജില്ലകളിലേക്ക് പോയ കോളേജിലെ വിദ്യാർത്ഥികൾക്ക് ശുചിത്വം പാലിക്കാൻ പ്രത്യേക നിർദേശം നൽകി. അതാത് ജില്ലകളിലെ ഡിഎംഓ മാരേയും വിവരം അറിയിച്ചിട്ടുണ്ട്. 

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പരിശോധനക്കായി കൂടുതൽ സാന്പിളുകൾ ആലപ്പുഴയിലെ വൈറേളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. ജില്ലയിലെ മറ്റു ഹോസ്റ്റലുകളിലും ജാഗ്രത നിർദേശം നൽകുമെന്നും അധികൃതർ വ്യക്തമാക്കി

വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്.  ആലപ്പുഴ നാഷണൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച 30 സാന്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിൽ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ വിദഗ്ദ സംഘം പരിശോധന നടത്തി സാംപിൾ ശേഖരിച്ചത്. 

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. 3  ദിവസങ്ങള്‍ക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ മാറാം. എന്നാൽ കൃത്യമായ വിശ്രമവും പരിചരണവും കിട്ടിയില്ലെങ്കിൽ രോഗം ഗുരുതരമായി മരണം സംഭവിക്കാൻ സാധ്യതയേറെയാണ്. 

Related News