സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങി: തിങ്കളാഴ്ച നിരാഹാര സമരം

  • 01/12/2021


തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങി. വി.ഐ.പി ഡ്യൂട്ടികൾ, ഇ-സഞ്ജീവനി ചുമതലകൾ, മെഡിക്കൽ ബോർഡുകൾ എന്നിവ ഡോക്ടർമാർ പൂർണമായും ബഹിഷ്കരിക്കും. രോഗീപരിചരണവുമായി നേരിട്ട് ബന്ധമില്ലാത്ത ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും വിട്ടുനിൽക്കും. 

വെള്ളിയാഴ്ച പ്രിൻസിപ്പൽ ഓഫിസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ്ണയും പഠനനിഷേധജാഥയും നടത്തും. മെഡിക്കൽ കോളേജ് അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതോടൊപ്പം കാലാനുസൃതമായി സ്വയം പഠനം നടത്തുകയും ചെയ്യുന്നുണ്ട്. സർക്കാരിന്റെ അവഗണനയോടുള്ള പ്രതിഷേധസൂചകമായി അന്നുമുതൽ സ്വയമുള്ള പഠനം അവസാനിപ്പിക്കുന്നതിന്റെ പ്രതീകാത്മകമായി അദ്ധ്യാപകർ സ്വന്തം മെഡിക്കൽ പഠനപുസ്തകങ്ങൾ പ്രിൻസിപ്പലിനെ തിരിച്ചേൽപ്പിക്കും 

വരുന്ന തിങ്കളാഴ്ച എല്ലാ മെഡിക്കൽ കോളേജ് അദ്ധ്യാപകരും നിരാഹാരം അനുഷ്ഠിച്ചുകൊണ്ടാകും ഡ്യൂട്ടി എടുക്കുക. ഒൻപതാം തീയതി എല്ലാ മെഡിക്കൽ കോളേജുകൾക്ക് മുമ്പിലും മെഴുകുതിരി കൊളുത്തി സമരം നടത്തും 

ശമ്പള പരിഷ്കരണ ഉത്തരവ് ഉടൻ നടപ്പാക്കുക, എൻട്രി കേഡറിലെ അപാകതകൾ പരിഹരിക്കുക, നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ അധ്യാപകരെ പുതിയതായി ആരംഭിച്ച ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിലേക്ക് പുനർവിന്യസനം ചെയ്യാനുള്ള തീരുമാനങ്ങൾ പുനഃപ്പരിശോധിക്കുക തുടങ്ങിയവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ.

നിലവിൽ രോ​ഗീപരിചരണത്തെ ബാധിക്കാത്ത വിധമുള്ള സമരപരിപാടികളിൽ സർക്കാർ ഇചടപെടൽ ഉണ്ടായില്ലെങ്കിൽ കടുത്ത  സമര പരിപാടയിലേക്ക് നീങ്ങുമെന്ന് മെഡിക്കൽ കോ‌ളജ് അധ്യാപക സംഘട‌നയായ കെ ജി എം സി ടി എ അറിയിച്ചു.

Related News