ആഷസ്: ഓസീസിന് തകര്‍പ്പന്‍ ജയം

  • 11/12/2021

ബ്രിസ്ബണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയക്ക് ഒമ്പതു വിക്കറ്റിന്റെ അനായാസ ജയം. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തുകയും ചെയ്തു. 20 റണ്‍സിന്റെ വിജയലക്ഷ്യം മാത്രമാണ് ഓസസിന് ഇംഗ്ലണ്ട് നല്‍കിയത്. ആറാം ഓവറില്‍ത്തന്നെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ലക്ഷ്യത്തിലെത്തുകയും ചെയ്തു.
             രണ്ടു വിക്കറ്റിനു 220 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു മൂന്നാംദിനം ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്.  നാലം ദിനമായ ഇന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 297 റണ്‍സില്‍ അവസാനിച്ചു. കന്നി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണറുടെ റോളിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ഓസീസിനായി നാല് വിക്കറ്റ് നേടിയ സ്പിന്നര്‍ നഥാന്‍ ലയണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും രണ്ടു വീതം വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ (152) ഓസീസിന് മികച്ച ലീഡ് സമ്മാനിച്ച ട്രാവിസ് ഹെഡ് മാന്‍ ഓഫ് ദ മാച്ചായി.

Related News