ഉദരത്തിൽ വെടിയേറ്റിട്ടും വിട്ടില്ല, പ്രതിയെ വെടിവെച്ചു വീഴ്ത്തി വനിതാ ഓഫീസര്‍ക്ക് അഭിനന്ദന പ്രവാഹം

  • 01/01/2022

കൊളറാഡോ: ഡൻവർ കൊളറാഡോയിൽ അഞ്ചുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചു വീഴ്ത്തിയ ലേക്ക്‌വുഡ് പൊലീസ് ഏജന്റ് ആഷ്‍ലി ഫെറിസിന് (28) അഭിനന്ദന പ്രവാഹം. തിങ്കളാഴ്ച വൈകിട്ടാണ് പ്രതി അഞ്ചുപേരെ കൊലപ്പെടുത്തിയത്.  ഉദരത്തിൽ വെടിയേറ്റിട്ടും ധീരമായി പ്രതിയെ നേരിട്ട വനിതാ ഓഫീസറുടെ ധീരതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടത്. വിവിധയിടങ്ങളിലായി അഞ്ചുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍ ക്ലാര്‍ക്കായ സാറ സ്റ്റിക്കിനെ(28) വെടിവെച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ലിന്‍ഡന്‍ മെക്ക്‌ലിങ്കോഡി(47)നെയാണ് ആഷ്‌ലി ധീരമായി നേരിട്ടത്. 

രക്ഷപ്പെടാന്‍ ശ്രമിച്ച കൊലയാളിയോട് തോക്ക് താഴെയിടാന്‍ അവിടെയെത്തിയ ആഷ്ലി ആവശ്യപ്പെട്ടു. എന്നാല്‍ ആഷ്‌ലിയുടെ ഉദരത്തിന് നേരെ വെടിയുതിര്‍ത്താണ് പ്രതി മറുപടി നല്‍കിയത്. പക്ഷേ, വെടിയേറ്റിട്ടും പ്രതിക്ക് മുന്നില്‍ പതാറതെ ആഷ്‌ലി തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് പ്രതിയുടെ നരഹത്യയ്ക്ക് വിരാമമായത്. 

പ്രതി ലക്ഷ്യമിട്ടിരുന്നത് ടാറ്റു പാര്‍ലറിലെ ജീവനക്കാരെയായിരുന്നു. കൊല്ലപ്പെട്ടവരില്‍ നാലുപേരും ടാറ്റു ജോലിയുമായി ബന്ധപ്പെട്ടവരാണ്. മറ്റൊരു ഇരയായ ഹോട്ടല്‍ ജീവനക്കാരിയെ പ്രതിക്ക് നേരത്തെ അറിയാമായിരുന്നതായും പോലീസ് കരുതുന്നു. കൃത്യസമയത്ത് ഓഫീസർ അവിടെ എത്തിയതിനാല്‍ കൂടുതല്‍ കൊലപാതകങ്ങള്‍ ഉണ്ടായില്ല. പ്രതി നേരത്ത രണ്ടു തവണ പൊലീസിന്റെ നിരീക്ഷണ വലയത്തിലായിട്ടുണ്ട്. കേസ് ചാർജ് ചെയ്തിരുന്നില്ല. ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നുവെങ്കിലും ഉദരത്തിൽ വെടിയേറ്റ ഓഫിസറെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയരാക്കി. സുഖം പ്രാപിച്ചു വരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Related News