കാമുകിയുടെ അമ്മയ്ക്ക് വൃക്ക ദാനം ചെയ്തു; ഓപ്പറേഷന് ശേഷം കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു

  • 20/01/2022

പ്രണയിച്ച പെൺകുട്ടിയ്ക്ക് വേണ്ടി പല ത്യാഗങ്ങളും സഹിച്ച നിരവധി പേരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ പ്രണയിനിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക നൽകിയിട്ടും കാമുകി മറ്റൊരാളെ വിവാഹം കഴിച്ചെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നത്. മെക്‌സിക്കോയിൽ നിന്നുള്ള ഉസീൽ മാർട്ടിനെസ് എന്ന യുവാവാണ് ടിക്ടോക്കിൽ പങ്കുവച്ച വിഡിയോയിൽ തന്റെ അനുഭവം പറഞ്ഞത്. പിന്നാലെ വിഡിയോ വൈറലാകുകയായിരുന്നു. ഏകദേശം 14 മില്യൺ കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ലഭിച്ചതെന്ന് ഡെയ്​ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

മെക്സിക്കോയിലെ ബജ കാലിഫോർണിയയിൽ നിന്നുള്ള അധ്യാപകനാണ് ഉസിയേൽ മാർട്ടിനെസ്. സ്വന്തം വൃക്കയും പ്രണയിനിയും നഷ്ട്ടപ്പെട്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ. പ്രണയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കാമുകിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഉസിയേൽ വൃക്ക ദാനം ചെയ്തത്. എന്നാൽ പിന്നീട് കാമുകി ബന്ധം വേർപിരിയുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. വൃക്ക അമ്മയ്ക്ക് ദാനം ചെയ്തതിന് ശേഷം ഒരു മാസത്തിനുള്ളിൽ കാമുകി ഉസിയേലിനെ ഉപേക്ഷിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ഉസിയേൽ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

ടിക് ടോക് വീഡിയോയിലൂടെയാണ് ഉസിയേൽ തന്റെ അനുഭവം പങ്കുവെച്ചത്. താൻ കാമുകിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്തപ്പോൾ അവർ മറ്റൊരാളെ വിവാഹം കഴിക്കുകയാണ് ചെയ്തതെന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പായി സ്പാനിഷ് ഭാഷയിൽ അദ്ദേഹം കുറിച്ചു. 

വീഡിയോയുടെ താഴെ അദ്ദേഹത്തെ സമാധാനിപ്പിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്. ആ പെൺകുട്ടിക്ക് ഒരു നല്ല വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നും തളരാതെ മുന്നോട്ട് പോകണമെന്നും അദ്ദേഹത്തെ നന്നായി പിന്തുണക്കുന്ന ഒരു പങ്കാളിയെ ഭാവിയിൽ ലഭിക്കുമെന്നും ആളുകൾ കമന്റുകളിലൂടെ പറയുന്നു. എന്നാൽ വേർപിരിഞ്ഞിട്ടും താനും മുൻ കാമുകിയും ഇപ്പോഴും നല്ല ബന്ധത്തിലാണെന്ന് ഉസിയേൽ പറഞ്ഞു. തനിക്ക് അവളോട് ദേഷ്യമൊന്നുമില്ലെന്നും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related News