അമ്മയുടെ ഫോണിൽ 'കളിച്ച്' രണ്ടു വയസ്സുകാരൻ ഓർഡർ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ

  • 24/01/2022

ന്യൂജഴ്സി: അമ്മയുടെ ഫോണിൽ 'കളിച്ച്' രണ്ടു വയസ്സുകാരൻ ഓഡർ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ. ന്യൂജഴ്സിയിലെ ഇന്ത്യൻ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസ്സുള്ള മകൻ അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫർണിച്ചറുകളാണ് ഓൺലൈൻ ഷോപ്പിംങ് ശൃംഖലയായ വാൽമാർട്ടിൽ നിന്ന് അയാംഷ് ഓർഡർ ചെയ്തത്. 

പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങൾക്കുള്ളിൽ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫർണിച്ചറുകൾ വീട്ടിലെത്താൻ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു അവരുടെ ഓൺലൈൻ വ്യാപാര ആപ്ലിക്കേഷൻ പരിശോധിച്ചപ്പോൾ പല സാധനങ്ങളും ഒന്നിലേറെ തവണ ഓർഡർ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു.

പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയിൽ വാങ്ങുന്നതിനായി കുറച്ച് ഗൃഹോപകരണങ്ങൾ തിരഞ്ഞെടുത്ത് ഓൺലൈൻ ആപ്പിന്റെ കാർട്ടിൽ സൂക്ഷിച്ചിരുന്നു. ഇതാണ് ഇപ്പോൾ വാങ്ങിയിരിക്കുന്നതായി അവർ മനസ്സിലാക്കി. തുടർന്ന് തന്റെ ഭർത്താവിനോടും മുതിർന്ന രണ്ട് കുട്ടികളോടും സാധനങ്ങൾ വാങ്ങിയോ എന്ന് ചോദിച്ചെങ്കിലും അത് തങ്ങളല്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് 2 വയസ്സുള്ള മകൻ ആയാംഷിലേക്ക് സംശയം നീളുന്നത്.

ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓർഡർ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങൾക്ക് ചിരിയാണ് വന്നതെന്നും ഇനിമുതൽ ഫോണുകളിൽ നിർബന്ധമായും പാസ്വേഡ് ലോക്കുകൾ ഉപയോഗിക്കുമെന്ന് അയാംഷിന്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

Related News