വയലിൽ കിടന്നിരുന്നൊരു സ്വർണനാണയം, വിറ്റത് നാലുകോടിക്ക്!

  • 25/01/2022

കഴിഞ്ഞ സപ്തംബറിൽ ഒരു വയലിൽ നിന്ന് കണ്ടെത്തിയ സ്വർണനാണയം ഞായറാഴ്ച നടന്ന ലേലത്തിൽ വിറ്റത് 540,000 പൗണ്ടിന്, അതായത് ഏകദേശം 4,03,37,460.00 രൂപയ്ക്ക്. ഇത് തീർത്തും അവിശ്വസനീയമാണ് എന്ന് ഇത് കണ്ടെത്തിയ ആൾ പറയുന്നു. 1257 -ൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ ഹെൻറി മൂന്നാമന്റെ ചിത്രമുള്ള സ്വർണനാണയം മൈക്കൽ ലീ-മല്ലോറിയാണ് ഡെവോണിലെ ഹെമിയോക്കിന് സമീപം കണ്ടെത്തിയത്.

'ഇത് എന്നെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ളതാണ്. ഇത്രയും വലിപ്പമുള്ള ഒരു നാണയം കണ്ടെത്താൻ എനിക്ക് ഭാഗ്യമുണ്ടായി' അദ്ദേഹം പറഞ്ഞു. യുകെ ആസ്ഥാനമായുള്ളയാളാണ് ഇത് വാങ്ങിയത്. നാണയം ഒരു മ്യൂസിയത്തിൽ വയ്ക്കാൻ ഇദ്ദേഹം ആഗ്രഹിക്കുന്നതായി സ്പിങ്ക് ആൻഡ് സൺസ് ലേലക്കാർ പറഞ്ഞു. 

ലീ മല്ലോറി പത്തുവർഷത്തിലേറെയായി ഇത്തരം വസ്തുക്കൾ കണ്ടെത്തുന്നതിലേക്ക് തിരിഞ്ഞയാളാണ്. 2021 സപ്തംബർ 26 -നാണ് ഇദ്ദേഹം പ്രസ്തുത സ്വർണനാണയം കണ്ടെത്തിയത്. തന്റെ മുമ്പത്തെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങൾ വെള്ളി നാണയങ്ങളായിരുന്നു എന്ന് മല്ലോറി പറയുന്നു. എന്നാൽ, മല്ലോറിയുടെ കണ്ടെത്തലുകളിൽ 90 ശതമാനവും ചവറ് സാധനങ്ങളായിരുന്നു. ഈ സ്വർണ നാണയത്തെ കുറിച്ച് ഇയാൾ പറയുന്നത്, അത്തരത്തിലുള്ള തൻറെ ആദ്യകണ്ടെത്തലാണ് ഇത് എന്നാണ്. നാണയം കണ്ടെത്തിയപ്പോൾ താൻ ഞെട്ടിത്തരിച്ചിരുന്നുപോയി എന്നും മല്ലോറി സമ്മതിക്കുന്നു. 

ഉഴുതുമറിച്ച ഒരു വയലിൽ 4 ഇഞ്ച് (10 സെന്റീമീറ്റർ) ആഴത്തിലായിട്ടായിരുന്നു നാണയം കിടന്നിരുന്നത്. അത് സ്വർണമാണ് എന്നും മധ്യകാലഘട്ടത്തിലേതാണ് എന്നും മല്ലോറിക്ക് മനസിലായിരുന്നു. എന്നാലും ഹെൻറി മൂന്നാമൻറെയാവും എന്ന് കരുതിയിരുന്നില്ല. 260 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് സിംഹാസനത്തിലുള്ള ഹെൻറി മൂന്നാമനെ കാണിക്കുന്ന ഇത്തരമൊരു നാണയം കണ്ടെത്തുന്നത്. അതുപോലെയുള്ള എട്ടെണ്ണം മാത്രമേ ഇന്ന് കണ്ടെത്തിയതായി ശേഷിക്കുന്നുള്ളൂ. അവ മ്യൂസിയങ്ങളിലാണുള്ളത്. 

ലീ മല്ലോറിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു കണ്ടെത്തൽ അവിശ്വസനീയവും ആവേശം നൽകുന്നതുമായിരുന്നു. അതിൽ നിന്നും കിട്ടുന്ന തുകയേക്കാളുപരി ആ കണ്ടെത്തലിൻറെ പ്രാധാന്യത്തെ താൻ വിലമതിക്കുന്നു എന്നും മല്ലോറി പറയുന്നു. അത് കണ്ടെത്തിയപ്പോൾ താൻ ചന്ദ്രനിലും മുകളിലായിരുന്നു. നാണയം രാജ്യത്ത് തന്നെ തുടരുമെന്നത് തന്നെ സന്തോഷിപ്പിക്കുന്നു എന്നും മല്ലോറി പറയുന്നു.

Related News