ഭർത്താവാണ്, ലൈംഗിക ബന്ധം വേണം; ആപ്പിൾ മേധാവി ടിം കുക്കിന്റെ ഉറക്കം കെടുത്തി യുവതി

  • 27/01/2022

ഒരു വർഷത്തിലേറെക്കാലം ടിം കുക്കിനെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവതിയെ വിലക്കിക്കൊണ്ടുള്ള കോടതി വിധി സമ്പാദിച്ച് ആപ്പിൾ. സാന്റ് ക്ലാര കൗണ്ടി സുപ്പീരിയർ കോടതിയിൽ നൽകിയ പരാതിയിൽ യുവതി ടിം കുക്കിനെ കടുത്ത രീതിയിൽ ശല്യം ചെയ്തിരുന്നുവെന്ന് പറയുന്നു. അസഹനീയമായ പെരുമാറ്റമായിരുന്നു അവരുടേത്. 

ടിം കുക്കിനെ നേരിട്ട് കാണാൻ യുവതി രാജ്യം വിട്ടുവന്നുവെന്നും അദ്ദേഹത്തിന്റെ വീട്ടിലേക്ക് രണ്ട് തവണ അതിക്രമിച്ചു കയറിയെന്നും പരാതിയിൽ പറയുന്നു. ടിം കുക്കിന്റെ ഭാര്യയാണ് താനെന്നും തങ്ങൾക്ക് ഇരട്ടക്കുട്ടികളുണ്ടെന്നും അവർ പറഞ്ഞുനടന്നു. യുവതിയാരാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 

ഒരു വർഷത്തിലേറെയായി യുവതി ടിം കുക്കിന് ഇമെയിൽ വഴിയും ട്വിറ്ററിലൂടെയും ടിം കുക്കിന് ഭീഷണി സന്ദേശങ്ങൾ അയക്കുന്നുണ്ട്. പലതവണ തിര നിറച്ച തോക്കുകളുടെ ചിത്രങ്ങളും അയച്ചു. ട്വീറ്റുകളിൽ ടിം കുക്കിനെ ടാഗ് ചെയ്തു. ടിം കുക്കിനയച്ച സ്വകാര്യ സന്ദേശത്തിൽ അദ്ദേഹവുമായി ലൈംഗിക ബന്ധം ആഗ്രഹിക്കുന്നുവെന്നും തന്റെ ക്ഷമ നശിച്ചു ഇനി ജീവിക്കാനാവില്ലെന്നുമെല്ലാം പറഞ്ഞിരുന്നതായി സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. 

2020ഒക്ടോബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ 200 ഓളം ഇമെയിൽ ന്ദേശങ്ങളാണ് ഇവർ ടിം കുക്കിന് അയച്ചത്. 2021 ൽ ടിം കുക്കിന്റെ സ്ഥലത്തേക്ക് അതിക്രമിച്ച് കടന്നതിന് ഇവരെ പോലീസ് പിടികൂടുകയും ചെയ്തു. 

ടിം കുക്കിന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചരുന്നതായും ഇതെല്ലാം 'മറക്കാനും പൊറുക്കാനും' 50 കോടി ഡോളർ ആവശ്യപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു. ഇവർ ഇനിയും ആയുധമായി വരാനിടയുണ്ടെന്നും ആപ്പിൾ മേധാവിയുടെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാനിടയുണ്ടെന്നും കമ്പനി പരാതിയിൽ പറഞ്ഞു. സംഭവത്തിൽ എന്ത് തുടർനടപടികളാണ് ഉണ്ടായതെന്നും വ്യക്തമല്ല.

Related News