കണ്ണിന് ചുറ്റും വെള്ളനിറമുള്ള കുരങ്ങ്, ഒച്ചിനെ ഭക്ഷിക്കുന്ന പാമ്പ്; പുതിയ ജീവി വർഗങ്ങളെ കണ്ടെത്തി

  • 29/01/2022

കണ്ണിന് ചുറ്റും വെള്ള നിറമുള്ള കുരങ്ങ്. ഒച്ചിനെ ഭക്ഷണമാക്കുന്ന പാമ്പ്. അങ്ങനെ ജൈവവൈവിധ്യങ്ങളുടെ കഥയാണ് മെകോങ് പ്രദേശത്തിന് പറയാനുള്ളത്. ഗ്രേറ്റർ മെകോങ് പ്രദേശത്ത് വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് കണ്ടെത്തിയ 224 പുതിയ ഇനം ജീവി വർഗങ്ങളായിരുന്നു ഇവ. വിയറ്റ്നാം, കമ്പോഡിയ, തായ്ലാൻഡ്, മ്യാൻമർ തുടങ്ങിയവ ഉൾപ്പെട്ട പ്രദേശമാണ് മെകോങ്. വന്യജീവി സംരക്ഷണ സംഘടനയായ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ട് വിയറ്റ്നാം, തായ്ലാൻഡ്, മ്യാൻമർ എന്നീ പ്രദേശങ്ങളിലെ ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. 

2020 ലാണ് ഇത്തരം വൈവിധ്യങ്ങളായ ജീവിവർഗങ്ങളെ കണ്ടെത്തുന്നതെങ്കിലും റിപ്പോർട്ട് വൈകുകയായിരുന്നു. മ്യാൻമറിൽ വംശനാശം സംഭവിച്ച മൗണ്ട് പോപ്പ അഗ്‌നിപർവതത്തിൽ കണ്ടെത്തിയ പോപ്പ ലാംഗൂർ എന്ന കുരങ്ങ് വിഭാഗം മാത്രമാണ് കണ്ടെത്തിയവയിൽ ആകെയുള്ള സസ്തനി.

പുതിയ ഇനം ഉരഗങ്ങളെയും തവളകളെയും കണ്ടെത്തിയിട്ടുണ്ട്. 155 ഇനം സസ്യ വർഗങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏഷ്യൻ ആന, കടുവകൾ അങ്ങനെ നിരവധി ജൈവൈവിധ്യങ്ങളായ ജീവിവർഗങ്ങളുള്ള പ്രദേശമാണ് മെകോങ്. അത്യപൂർവമായി കാണുന്ന ഏഷ്യൻ യൂണികോണും പ്രദേശത്തുണ്ട്. 1997 ന് ശേഷം പ്രദേശത്ത് 3000 ഓളം വരുന്ന ജീവിവർഗങ്ങളെയാണ് ഗവേഷകർ കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ മൃഗങ്ങളുടെയും സസ്യങ്ങളുടെയും സവിശേഷതകളും താരതമ്യം ചെയ്യുന്നതിനായി ശാസ്ത്രജ്ഞർ മ്യൂസിയം ശേഖരങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ഉപയോഗിച്ചു.

പുതിയ ജീവിവർഗങ്ങളുടെ വ്യത്യാസങ്ങളും സവിശേഷതകളും പഠിക്കുന്നത് അവയുടെ നിലനിൽപിന് ഭീഷണിയാകുന്ന ഘടകങ്ങൾ തിരിച്ചറിയാൻ സഹായിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. കണ്ടെത്തിയ ജീവിവർഗങ്ങളിൽ ചിലത് ഒന്നിലെറെ രാജ്യങ്ങളിൽ കണ്ടുവരുന്നതാണ്. ഓറഞ്ച് ട്വിൻ സ്ലഗ് സ്നെയിക് അതിനുദാഹരണമാണ്. പോപ്പ ലാംഗൂർ എന്ന കുരങ്ങ് വിഭാഗം ഐയുസിഎൻ എന്ന സംഘടനയുടെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലുള്ളതാണ്. ലോകത്താകെ 200-250 എണ്ണം മാത്രമാണ് ശേഷിക്കുന്നത്.

Related News