എട്ടു ഭാര്യമാരുമായി സന്തോഷത്തോടെ കഴിയുന്ന ടാറ്റു ആർട്ടിസ്റ്റായ യുവാവ് ലോകത്തെ ഞെട്ടിക്കുന്നതിങ്ങനെ

  • 01/02/2022

തായ്ലൻഡിലെ യുവ ടാറ്റൂ ആർട്ടിസ്റ്റായ ഓങ് ഡാം സോറോട്ട് ആണ് ഇപ്പോൾ ലോകമാധ്യമങ്ങളിലെ ചർച്ചാവിഷയം. എന്നാൽ ടാറ്റു വൈദഗ്ധ്യത്തിന്റെ പേരിലല്ല ഇദ്ദേഹം ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ദാമ്പത്യജീവിതമാണ് ഓങിനെ താരമാക്കിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല എട്ട് ഭാര്യമാരാണ് ഇദ്ദേഹത്തിനുള്ളത്.അവരെല്ലാം അദ്ദേഹത്തോടൊപ്പം ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു.

കഴിഞ്ഞ ആഴ്ച തായ്‌ലൻഡിലെ ഒരു കോമഡി ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതോടെ അദ്ദേഹത്തെ കുറിച്ച് ലോകമെങ്ങും ചർച്ച ചെയ്യാൻ തുടങ്ങി. ഇപ്പോൾ, സോറോട്ടും അദ്ദേഹത്തിന്റെ എട്ട് ഭാര്യമാരും കൂടി ഇരിക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ വൈറലാകുന്നു. രണ്ട് ഭാര്യമാരെപ്പോലും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ് എന്നിരിക്കേ, അദ്ദേഹം എട്ടു പേരോടൊപ്പം എങ്ങനെയാണ് സന്തോഷത്തിൽ കഴിയുന്നതെന്ന് ആളുകൾ ചോദിക്കുന്നു.

തായ്‌ലൻഡിലെ പരമ്പരാഗത ടാറ്റൂ ആർട്ടായ 'യന്ത്ര'യിൽ പ്രഗത്ഭനാണ് സോറോട്ട്. ചാനലിലെ പരിപാടിയിൽ, സോറോട്ട് തന്റെ ഓരോ ഭാര്യമാരെയും പരിചയപ്പെടുത്തുകയും എങ്ങനെയാണ് ഓരോരുത്തരെയും കണ്ടുമുട്ടിയത് എന്ന് പറയുകയും ചെയ്തു. ആ എട്ട് ഭാര്യമാരും തങ്ങളുടെ ഭർത്താവിനെ ലോകത്തെ ഏറ്റവും മികച്ച ഭർത്താവെന്നാണ് വിശേഷിപ്പിച്ചത്. യൂട്യൂബിൽ മാത്രം ഇതുവരെ മൂന്നു ദശലക്ഷത്തിലധികം ആളുകളാണ് ഷോ കണ്ടത്.

ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വച്ചാണ് ആദ്യ ഭാര്യയായ നോങ് സ്പ്രൈറ്റിനെ സോറോട്ട് കണ്ടുമുട്ടിയത്. രണ്ടാമത്തെ ഭാര്യ, നോങ് എലിനെ മാർക്കറ്റിൽ വച്ചാണ് കണ്ടുമുട്ടിയത്. മൂന്നാമത്തെ ഭാര്യ നോങ് നാൻ ആശുപത്രിയിൽ. നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഭാര്യമാരെ സോറോട്ട് യഥാക്രമം ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക് എന്നിവയിലൂടെ പരിചയപ്പെട്ടു. ഏഴാമത്തെ ഭാര്യ, നോങ് ഫിലിമിനെ ഒരു ആരാധനാലയത്തിൽ വച്ചാണ് കണ്ടുമുട്ടിയത്. എട്ടാമത്തെയും അവസാനത്തെയും ഭാര്യ നോങ് മയിയെ പട്ടായയിൽ തന്റെ നാല് ഭാര്യമാരോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് കണ്ടുമുട്ടിയത്.

തങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കരുതലും പരിഗണനയും ഉള്ള മനുഷ്യൻ അദ്ദേഹമാണെന്ന് എട്ട് സ്ത്രീകളും പറയുന്നു. തങ്ങളോട് അദ്ദേഹം വളരെ നന്നായിട്ടാണ് പെരുമാറുന്നതെന്നും, തങ്ങൾക്കിടയിൽ ഒരിക്കൽ പോലും വഴക്കുണ്ടായിട്ടില്ലെന്നും ഭാര്യമാർ പറയുന്നു.

Related News