പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയുടെ കഴുത്തറുത്തുകൊന്ന് ഭർത്താവ്; തലയുമായി തെരുവിൽ

  • 09/02/2022

ടെഹ്റാൻ: ഒരു കൈയിൽ ഭാര്യയുടെ അറുത്ത തലയും മറുകൈയിൽ കത്തിയുമായി യുവാവ് തെരുവിൽ. ഇറാനിലെ അഹ്വാസിൽ ശനിയാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.

പതിനേഴ്കാരിയായ മോന ഹെയ്ദ്രിയെയാണ് ഭർത്താവും ഭർത്താവിന്റെ സഹോദരനും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മോനക്ക് മൂന്ന് വയസുള്ള മകനുണ്ട്. മോനയുടെ തലയറുത്ത് ഭർത്താവ് തെരുവിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. 

മോന 12ാം വയസിൽ ബന്ധുവായ സജ്ജാദ് ഹെയ്ദ്രിയെ വിവാഹം കഴിക്കാൻ നിർബന്ധിതയാവുകയായിരുന്നു. തുടർന്ന് നിരന്തരം ഗാർഹിക പീഡനത്തിനിരയായ മോന വിവാഹ മോചനം ആവശ്യപ്പെട്ടെങ്കിലും കുട്ടിക്ക് വേണ്ടി ഭർത്താവിനോടൊപ്പം താമസിക്കാൻ വീട്ടുകാർ നിർബന്ധിക്കുകയായിരുന്നു. പിന്നീട് ഭർത്താവിന്റെ പീഡനം സഹിക്കാതെ തുർക്കിയിലേക്ക് പോയ മോന അടുത്തിടെയാണ് തിരികെ എത്തിയത്. 

തിരിച്ചെത്തിയ മോനയെ ഭർത്താവും ഭർത്താവിന്റെ സഹോദരനും ചേർന്ന് കൈകാലുകൾ കെട്ടിയ ശേഷം തലയറുത്ത് മാറ്റുകയായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ചായിരുന്നു ഇവർ ക്രൂരമായ കൊലപാതകം നടത്തിയത്. തുടർന്ന് സജ്ജാദിന്റെ സഹോദരൻ മോനയുടെ തല പുതപ്പിൽ പൊതിഞ്ഞ് വലിച്ചെറിഞ്ഞു. എന്നാൽ സജ്ജാദ് ഈ തലയുമായി തെരുവിലേക്ക് എത്തുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഇറാനിൽ വ്യാപകമായ പ്രതിഷേധമാണുയർന്നിരിക്കുന്നത്. നിരവധി സാമൂഹികപ്രവർത്തകർ ഹീനകൃത്യത്തെ അപലപിച്ച് രംഗത്തെത്തി. ഇറാനിൽ സ്ത്രീകൾക്കെതിരേ തുടരുന്ന ഇത്തരം ക്രൂരതകൾക്കെതിരേ കർശന നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. 2020-ൽ നടന്ന ദുരഭിമാനക്കൊലയിലും ഇറാനിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. 14 വയസ്സുള്ള പെൺകുട്ടിയെയാണ് അന്ന് പിതാവ് തലയറുത്ത് കൊലപ്പെടുത്തിയത്. പ്രതിഷേധം ശക്തമായതോടെ പിതാവിന് പിന്നീട് ഒമ്പത് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.

Related News