സ്വന്തം കുഞ്ഞ് അലര്‍ജി; അപൂര്‍വ്വ രോഗാവസ്ഥയില്‍ ഒരമ്മ

  • 12/02/2022

ലണ്ടന്‍: വിചിത്രവും അപൂര്‍വ്വവുമായ ഒരു രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ് ഒരമ്മ.  പലര്‍ക്കും പല രീതിയിലുള്ള അലര്‍ജികള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞാണ് അലർജി. കേള്‍ക്കുമ്പോള്‍ തന്നെ വളരെ വിചിത്രമെന്ന് തോന്നുന്ന ഇത് 50,000 സത്രീകളിൽ ഒരാളെ മാത്രം ബാധിക്കുന്ന അപൂർവ രോഗാവസ്ഥയാണ്. 

സ്വന്തം കുഞ്ഞിനെ തൊട്ടാൽ‌ ശരീരം ചൊറിഞ്ഞ് തടിക്കുന്ന രോഗാവസ്ഥയിലൂടെയാണ്  ഹാംഷെറി സ്വദേശിനി ഫിയോണ ഹൂക്കെർ എന്ന 32–കാരി കടന്നുപോകുന്നത്. മാധ്യമങ്ങളോട് ഫിയോണ തന്നെയാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് വ്യക്തമാക്കിയത്. 31 ആഴ്ച ഗർഭിണിയായിരിക്കുമ്പോഴാണ് ഫിയോണയ്ക്ക് ആദ്യമായി വയറിൽ ചൊറിച്ചിൽ അനുഭവപ്പെട്ടത്. ചൊറിച്ചിൽ മാറാനായി ഡോക്ടർമാർ ആദ്യം സ്റ്റിറോയ്ഡ് ക്രീമുകൾ നൽകി. എന്നാൽ പ്രസവശേഷം ഇത് കൂടി. കുമിളകൾ വന്ന് പൊട്ടാൻ തുടങ്ങി. കുഞ്ഞിനെ എടുക്കാൻ പോലുമാകാത്ത അസഹ്യമായ വേദനയും. 

കുഞ്ഞുമായി സ്പർശനം വരുന്നയിടത്തെല്ലാം കുമിളകളുണ്ടാകുകയും ഇവ ചൊറിഞ്ഞ് പൊട്ടുകയും ചെയ്തു. മാസങ്ങളോളം ഇതായിരുന്നു അവസ്ഥ. പംഫിഗോയിഡ് ഗസ്റ്റേനിസ് എന്ന രോഗമാണിതെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. യോനയുടെ ശരീരം അവളുടെ മകന്റെ ഡി.എന്‍.എയിലെ ഒരു ജീനിനോട് പ്രതികരിക്കുകയായിരുന്നു ചെയ്തത്. വയറിലും, മാറിലും, കൈകാലുകളിലുമെല്ലാം നിറയെ ചുവന്ന കുമിളകൾ കൊണ്ട് നിറഞ്ഞു. തന്റെ ആദ്യ പ്രസവസമയത്ത് എന്നാൽ ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും ഫിയോണ പറഞ്ഞു. 

അലര്‍ജി നിയന്ത്രിക്കാന്‍ ശക്തമായ അളവില്‍ സ്റ്റിറോയിഡ് കഴിക്കാന്‍ തന്നെയാണ് എല്ലാ ഡോക്ടർമാരും നിർദേശിച്ചത്. ആറുമാസത്തിന് ശേഷം അലർജി കുറഞ്ഞു. ഇപ്പോൾ ചെറുതായിട്ട് കുമിളകൾ ഉണ്ടാകാറുണ്ട്. ക്രീമുകൾ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നും ഫിയോണ പറയുന്നു. 

Related News