യുദ്ധ ഭീഷണി; ഇന്ത്യക്കാര്‍ യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി

  • 15/02/2022

കീവ്: യുദ്ധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാര്‍ തല്‍ക്കാലം രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശം. യുക്രൈനിലെ ഇന്ത്യന്‍ എംബസിയാണ് നിര്‍ദേശം നല്‍കിയത്. യുക്രൈനില്‍ അധിനിവേശം നടത്താന്‍ റഷ്യ  തയ്യാറെടുക്കുകയാണെന്ന യുഎസിന്റെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണിത്.

യുക്രെയിനില്‍ ഏകദേശം 20,000 ഇന്ത്യക്കാരാണ് ഉള്ളത്. ഇതില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ അവിടെ തുടരുന്ന എല്ലാവരോടും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉടന്‍ തന്നെ രാജ്യം വിടാനാണ് കീവിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടത്. യുക്രെയിനില്‍ എവിടെയാണ് താമസിക്കുന്നത് എന്ന കാര്യം അധികൃതരെ അറിയിക്കണം. ആവശ്യമെങ്കില്‍ ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിന് വേണ്ടിയാണ് ഇതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

യുദ്ധ ഭീഷണിയുടെ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും പൗരന്‍മാരോട് യുക്രൈന്‍ വിടാന്‍ ആഹ്വാനം ചെയ്യുകയുമാണ്.

യുഎസ്എ, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്, കാനഡ, നോര്‍വേ, എസ്റ്റോണിയ, ലിത്വാനിയ, ബള്‍ഗേറിയ, സ്ലോവേനിയ, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇസ്രായേല്‍  സൗദി അറേബ്യ,യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം യുക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News