പേഴ്‌സണൽ സ്റ്റാഫ് പെൻഷനിൽ പിന്നോട്ടില്ല; ഗവർണർക്ക് സർക്കാർ വഴങ്ങിയിട്ടില്ലെന്ന് കോടിയേരി

  • 20/02/2022

തിരുവനന്തപുരം: ഗവർണർ സംസ്ഥാന സർക്കാർ പോരിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറുമായി സർക്കാരിന് നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരു ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി വിശദീകരിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻ ദിവസം മുഖ്യമന്ത്രിയും ഗവർണരും തമ്മിൽ  നടന്ന കൂടിക്കാഴ്ച സ്വാഭാവിക നടപടി മാത്രമാണ്. പ്രശ്‌നമുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിലാണ് സർക്കാരിന് മുൻഗണന. പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ ഗവർണർ പറഞ്ഞിട്ടില്ല. ഗവർണർ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ പിന്നീട് തിരുത്തുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ഗവർണർക്ക് സർക്കാർ വഴങ്ങിയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആരോപണം തള്ളിയ കോടിയേരി, സർക്കാർ ഗവർണർക്ക് വഴങ്ങിയിട്ടില്ലെന്നും അത് മാധ്യമ വ്യാഖ്യാനമാണെന്ന് ഗവർണർ തന്നെ പറഞ്ഞിട്ടുണ്ടെന്നുമാണ് പ്രതികരിച്ചത്.

ഗവർണർ വിഷയത്തിൽ നല്ല രീതിയിലുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സർക്കാരും ഗവർണറും തമ്മിലൊരും പ്രശ്‌നം വേണമെന്ന് സിപിഎം ആഗ്രഹിക്കുന്നില്ല. പ്രശ്‌ന പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുക. ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്രം പലതും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിനെയൊക്കെ നേരിടുക തന്നെ ചെയ്യും. എന്നാൽ ഒരു പ്രശ്‌നമുണ്ടായാൽ പരിഹരിക്കുന്നതിനാണ് കേരളാ സർക്കാർ മുൻഗണന നൽകുന്നതെന്നും കോടിയേരി പറഞ്ഞു.

Related News