'ശിവശങ്കർ പുസ്തകം എഴുതിയത് അനുമതിയില്ലാതെ'; സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

  • 22/02/2022

തിരുവനന്തപുരം: മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കർ ആത്മകഥ എഴുതിയത് മുൻകൂർ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവശങ്കർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. നജീബ് കാന്തപുരം എംഎൽഎയുടെ ചോദ്യത്തിന് അനുമതി തേടിയിട്ടില്ലെന്ന ഒറ്റവരി ഉത്തരമാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. സ്വപ്ന സുരേഷിൻറെ ഭർത്താവിന് കെ ഫോൺ പദ്ധതിയിൽ ജോലി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം ഉത്തരം നൽകി. എംഎൽഎ എം വിൻസെൻറിൻറെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. 

ശിവശങ്കർ പുസ്തകം എഴുതാൻ അനുമതി വാങ്ങിയിരുന്നോ എന്ന് മുൻപ് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല. എന്നാൽ ശിവശങ്കർ പുസ്തകം എഴുതിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു. 

താൻ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കർ എഴുതിയതെന്നും ദേശീയ അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കുമെതിരെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ പൊള്ളലേറ്റവർക്ക് അദ്ദേഹത്തോട് പകയുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related News