ഭര്‍ത്താവ് വിളിച്ചതിന് പിന്നാലെ യുവതി തൂങ്ങി മരിച്ചു; മാനസിക പീഡനമെന്ന് പരാതി

  • 22/02/2022

ആറ്റുപുറം: തൃശൂർ ആറ്റുപുറത്ത് യുവതി തൂങ്ങി മരിച്ചത് ഭർത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കളുടെ പരാതി. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസിനെ (26) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്കു ഭർത്താവ് വിളിച്ചതിനു പിന്നാലെയാണ് ഫൈറൂസ് ജീവനൊടുക്കിയതെന്നും വീട്ടുകാർ ആരോപിച്ചു. ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.

തൃശൂർ ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസ് ഈ മാസം 8നാണ് തൂങ്ങിമരിച്ചത്.  ഒന്നര വര്‍ഷം മുമ്പാണ് നരണിപ്പുഴ സ്വദേശി ജാഫറും ഹൈറൂസും വിവാഹിതരായത്. വിവാഹ ശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. നാലു മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്. ഗർഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു. 

പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റേയും കുടുംബത്തിന്റേയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കൾ കൂട്ടിക്കൊണ്ടുവന്നു. ഇതിനു ശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഭർത്താവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോണിലെ സംഭാഷണങ്ങൾ തെളിവായി പൊലീസിന് കൈമാറി.

പ്രസവശേഷം ഹൈറുസിനേയും കുഞ്ഞിനേയും സംരക്ഷിക്കാൻ ജാഫർ തയാറായില്ലെന്നാണ് ആരോപണം. നാലു മാസം പ്രായമായ പെൺകുഞ്ഞ് ഇപ്പോൾ ഹൈറൂസിന്റെ സഹോദരിയുടെ പരിചരണത്തിലാണ്. ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. ഭർതൃവീട്ടിലെ പ്രശ്‌നങ്ങളെ തുടർന്ന് ഒരാഴ്ച മുൻപാണ് വീട്ടിലേക്കു കൊണ്ടുവന്നത്. ഫൈറൂസ് ഉപയോഗിച്ചിരുന്ന ഫോണും ശബ്ദം റെക്കോർഡ് ചെയ്ത ഫോണും പൊലീസിനു കൈമാറിയെന്ന് വീട്ടുകാര്‍ പറഞ്ഞു. 

Related News