റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരും: യുക്രൈനെതിരെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി അമേരിക്ക രംഗത്ത്

  • 24/02/2022

വാഷിംഗ്ടൺ: യുക്രൈനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി അമേരിക്ക രംഗത്ത്. യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ പറഞ്ഞു. സ്ഥിതി​ഗതികൾ നിരീക്ഷിച്ചു വരികയാണെന്നും തുട‍ർനടപടികൾ ജി7, നാറ്റോ രാഷ്ട്രത്തലവൻമാരുമായി ച‍ർച്ച ചെയ്യുമെന്നും ബൈഡൻ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലനി‍ർത്തണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. 

യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് (ഇന്ത്യൻ സമയം ഇന്ന് രാത്രി) പ്രസ്താവനകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. യുക്രൈനെതിരെ റഷ്യ നടത്തിയ അന്യായമായ സൈനിക നടപടി കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അമേരിക്കയും നാറ്റോസഖ്യകക്ഷികളും ഇതിനു മറുപടി നൽകുമെന്നും അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ അറിയിച്ചു. 

റഷ്യൻ സൈന്യത്തിൻ്റെ അന്യായമായ അധിനിവേശത്തെ നേരിടുന്ന യുക്രെയ്‌നിലെ ജനങ്ങൾക്കൊപ്പമാണ് ലോകജനതയുടെ പ്രാർത്ഥനകൾ. റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ ആസൂത്രിതമായി യുദ്ധം തെരഞ്ഞെടുക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങൾക്കും വഴിവയ്ക്കുന്ന ഈ തീരുമാനം യുക്രൈൻ ജനതയെ നരകയാതനയിലേക്ക് തള്ളിവിടും. പുട്ടിൻ പ്രഖ്യാപിച്ച സൈനിക നടപടി പ്രകോപനപരവും ഒരുതരത്തിലും നീതികരിക്കാൻ സാധിക്കാത്തതുമാണ്. 

ഇതിനെല്ലാം റഷ്യ കണക്ക് പറയേണ്ടി വരും - അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ നിന്നും ഞാൻ സ്ഥിതി​ഗതികൾ പരിശോധിച്ചുവരികയാണ്. ദേശീയ സുരക്ഷ ടീമിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നാളെ രാവിലെ ജി7 രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തും. നാറ്റോ സഖ്യകക്ഷികളുമായും ച‍ർച്ചകൾ തുടരുകയാണ്  - ബൈഡൻ വ്യക്തമാക്കി.

Related News