റഷ്യയുമായുള്ള യുദ്ധമുഖത്ത് ഒറ്റപ്പെട്ട് യുക്രൈൻ: സൈനികനീക്കം നടത്തേണ്ടതില്ലെന്ന് നാറ്റോ

  • 24/02/2022



കീവ്: റഷ്യയുമായുള്ള യുദ്ധമുഖത്ത് ഒറ്റപ്പെട്ട് യുക്രൈൻ. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ല എന്നാണ് നാറ്റോ (നോർത്ത് അറ്റ്‍ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ) തീരുമാനം. നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നൽകിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയിൽ ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ല എന്നും പ്രഖ്യാപിക്കുന്നു. 

ഒരു മഹാമാരി ലോകത്തെ കീഴടക്കിയ കാലത്ത്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയ്ക്ക് എതിരെ ഒരു സൈനികനീക്കത്തിന് നാറ്റോയില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. സംയുക്തസൈനികനീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് മറ്റൊരു ലോകയുദ്ധത്തിന് വഴി വച്ചേനെ എന്നും വിദേശകാര്യവിദഗ്ധർ നിരീക്ഷിക്കുന്നു. 

അതേസമയം, ബെലാറസ് വളരെ നിർണായകമായ ഒരു പ്രഖ്യാപനവും നടത്തുന്നു. നേരത്തേ യുദ്ധത്തിൽ പങ്കുചേരാൻ ഇല്ലെന്ന് പ്രഖ്യാപിച്ച ബെലാറസ് ആവശ്യമെങ്കിൽ യുക്രൈനെതിരെ റഷ്യയ്ക്ക് ഒപ്പം സൈന്യം അണിചേരും എന്ന് പ്രഖ്യാപിക്കുന്നു. രാവിലെ പല വ്യോമത്താവളങ്ങളിലേക്കും നടത്തിയ ആക്രമണങ്ങളിൽ റഷ്യൻ സൈന്യത്തോടൊപ്പം ബെലാറഷ്യൻ സൈന്യവും ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. ആ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ബെലാറസ് ഇപ്പോൾ. 

ഏതെങ്കിലും തരത്തിൽ റഷ്യ യുക്രൈനെ ആക്രമിച്ചാൽ അത് യുക്രൈൻ- റഷ്യ യുദ്ധമാകില്ല, പകരം റഷ്യ- യൂറോപ്യൻ യൂണിയൻ യുദ്ധമാകും എന്ന് മുന്നറിയിപ്പ് നൽകിയ യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി ഇപ്പോൾ സ്തബ്ധനാണ്. നാറ്റോ രാജ്യങ്ങളിലൊന്ന് പോലും സ്വതന്ത്രമായിപ്പോലും സൈനികസഹായം നൽകുമെന്ന് പറയുന്നത് പോലുമില്ല. ആക്രമണം തുടങ്ങി പന്ത്രണ്ടാം മണിക്കൂർ പിന്നിടുമ്പോൾ റഷ്യൻ യുദ്ധം അപലപനീയം പക്ഷേ, തിരികെ ആക്രമിക്കാനില്ല എന്നാണ് നാറ്റോ നിലപാട്. 

Related News