യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണ മുന്നറിയിപ്പ്; സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിൽ

  • 28/02/2022


യുക്രൈൻ: യുക്രൈൻ നഗരങ്ങളിൽ വീണ്ടും ജാഗ്രതാ നിർദേശം. വ്യോമാക്രമണ മുന്നറിയിപ്പാണ് റഷ്യ നൽകിയിരിക്കുന്നത്. ലുഹാൻസ് മേഖല, സ്യോതോമർ, ചെർകാസി, ഡിനിപ്രോ കാർക്കീവ് എന്നിവിടങ്ങളിൽ ആണ് വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എത്രയും പെട്ടന്ന് അടുത്തുള്ള ഷെൽറ്ററുകളിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.

യുക്രൈനു നേരെ യുദ്ധം രൂക്ഷമാക്കിയ റഷ്യക്കെതിരെ മിക്ക രാജ്യങ്ങളും ഉപരോധം കടുപ്പിച്ചെങ്കിലും പുടിൻ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. എന്നുമാത്രവുമല്ല കൂടുതൽ മേഖലകൾ പിടിച്ചെടുക്കാനുള്ള പടയോട്ടം തുടരുകയുമാണ്. 

പൂർണ്ണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറയുന്നു. 

ഇതിനിടെ സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ചൈനീസ് ഔദ്യോ​ഗിക മാധ്യമമായ സി ജി ടി എൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു. എന്നാലും സമാധാനത്തിനായി താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുതെന്ന് ആ​ഗ്രഹമുണ്ടെന്നും അതിനായി ഒരു ശ്രമം എന്നുമാണ് സെലൻസ്കി പറഞ്ഞത്.

Related News