യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീലീൽ ഉത്തരവ് പറയുന്നത് വീണ്ടും മാറ്റി; പുതിയ തീയതി അറിയിച്ചിട്ടില്ല

  • 28/02/2022


സനാ: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീലീൽ ഉത്തരവ് പറയുന്നത് സനായിലെ അപ്പീൽ കോടതി വീണ്ടും മാറ്റി. പുതിയ തീയതി അറിയിച്ചിട്ടില്ല. ഭരണപരമായ ചില കാരണങ്ങളാൽ ഉത്തരവ് മാറ്റി വയ്ക്കുന്നുവെന്നാണ് കോടതി അറിയിച്ചത്. 

യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. 2017 ൽ യമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഉത്തരവ് റദ്ദാക്കണമെന്നും അല്ലെങ്കിൽ ശിക്ഷാ ഇളവ് വേണമെന്നും ആവശ്യപ്പെട്ടാണ് നിമിഷ പ്രിയ അപ്പീൽ കോടതിയെ സമീപിച്ചത്.

യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. 

വധശിക്ഷ ശരിവച്ചാൽ യെമൻ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാം. എന്നാൽ അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്ന് പരിശോധിക്കുക മാത്രമാണ് പതിവ്. 

കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമേ നിമിഷയ്ക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകു. ഇതിനായി  നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച്ച കേസ് പരിഗണിച്ചപ്പോൾ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുൻപിൽ തടിച്ചു കൂടിയിരുന്നു.

Related News