റഷ്യ യുക്രൈന്‍ നിര്‍ണായക സമാധാന ചര്‍ച്ചയ്ക്ക് തുടക്കം: റഷ്യന്‍ പിന്മാറ്റമായിരിക്കും പ്രധാന അജണ്ട

  • 28/02/2022


ബെലാറൂസ്: റഷ്യ യുക്രൈന്‍ നിര്‍ണായക ചര്‍ച്ച ബെലാറൂസില്‍ തുടങ്ങി. ബെലാറൂസ് അതിര്‍ത്തിയിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്. പ്രതിരോധ മന്ത്രിഒലെക്‌സി റെസ്‌നിക്കോവാണ് യുക്രൈന്‍ സംഘത്തെ നയിക്കുന്നത്. റഷ്യ ധാരണക്ക് തയ്യാറാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പിന്മാറ്റമായിരിക്കും പ്രധാന അജണ്ടയെന്ന് യുക്രൈനും വ്യക്തമാക്കി. ഹെലികോപ്ടറിലാണ് ഇരു പ്രതിനിധി സംഘവും എത്തിയത്. നേരത്തെ ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടരക്ക് ആരംഭിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. പിന്നീട് സമയം സുരക്ഷാകാരണങ്ങളാല്‍ മാറ്റി. ചര്‍ച്ചയില്‍ എന്ത് പറയുമെന്ന് മുന്‍കൂട്ടി പറയില്ലെന്ന് റഷ്യ വ്യക്തമാക്കി. നിരുപാധികം കീഴടങ്ങുക, നാറ്റോ, ഇയു അംഗത്വ ആവശ്യം ഉപേക്ഷിക്കുക എന്നിവയിലേതെങ്കിലുമൊന്നാകും റഷ്യ ആവശ്യപ്പെടുക എന്നാണ് സൂചന.   എന്നാല്‍ ഇക്കാര്യം യുക്രൈന്‍ അംഗീകരിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. 

ഒരു വശത്തു സമാധാന ചര്‍ച്ച, മറു വശത്ത് ആക്രമണം എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. യുക്രൈന്‍ നഗരമായ ചെര്‍ണിഹിവില്‍ ജനവാസ മേഖലയില്‍ റഷ്യ മിസൈല്‍ ആക്രമണത്തെ നടത്തി. വടക്കന്‍ നഗരമായ ചെര്‍ണിഹിവില്‍  റഷ്യ ബോംബിട്ടത് ജനങ്ങള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ താഴത്തെ നിലയിലാണ്. കീവിലും ഖാര്‍കീവിലും ഇന്നലെ  രാത്രിയും ഇന്ന് പുലര്‍ച്ചെയും ആക്രമണം നടത്തി. റഷ്യ ആക്രമണം തുടരുമ്പോഴും കീവും ഖാര്‍കീവും കീഴടങ്ങാതെ തന്നെ നില്‍ക്കുന്നു. ഏറെ ബുദ്ധിമുട്ടുള്ള ഞായറാഴ്ചയാണ് കടന്നു പോയതെന്നും അടുത്ത 24  മണിക്കൂര്‍  യുക്രൈനെ സംബന്ധിച്ച് നിര്‍ണായകമെന്നും പ്രസിഡന്റ് വ്‌ലാദിമിര്‍ സെലിന്‍സ്‌കി പറഞ്ഞു. 

അതിനിടെ ബെലാറൂസ് സൈന്യം റഷ്യക്ക്  ഒപ്പം ചേര്‍ന്ന് യുക്രൈനെ ആക്രമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. കിഴക്കന്‍ പട്ടണമായ ബെര്‍ഡിയന്‍സ്‌ക് പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. അഞ്ചു ദിവസത്തെ ആക്രമണങ്ങളില്‍ 350 യുക്രൈന്‍കാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനവാസ മേഖലകള്‍ ആക്രമിച്ചത് അടക്കം  റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടിക യുക്രൈന്‍ പുറത്തുവിട്ടു.  

ഉപരോധങ്ങള്‍ക്ക് മറുപടി ആയി യൂറോപ്പിലേക്കുള്ള ഇന്ധന , എണ്ണ വിതരണം നിര്‍ത്തുമെന്ന് റഷ്യ ഭീഷണി മുഴക്കി. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ നേതാക്കള്‍ യോഗം വിളിച്ചിട്ടുണ്ട്. അതിശക്തരായ റഷ്യയെ ഒറ്റയ്ക്ക് പ്രതിരോധിക്കുന്ന ധീര നായകന്‍ എന്ന പ്രതിച്ഛായ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുടെ ജനപ്രീതി കുത്തനെ ഉയര്‍ത്തി. 90 ശതമാനം യുക്രൈന്‍കാര്‍ അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ വോട്ടെടുപ്പിലെ സൂചന. ആറു മാസം മുന്‍പ് മുപ്പതു ശതമാനം മാത്രമായിരുന്നു സെലന്‍സ്‌കിയുടെ ജനപ്രീതി. 

യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അഭയാര്‍ത്ഥി പ്രവാഹം രൂക്ഷമായി. നാല് ലക്ഷം പേര്‍ ഇതിനകം എല്ലാം ഇട്ടെറിഞ്ഞു പ്രാണ രക്ഷാര്‍ത്ഥം അതിര്‍ത്തികളില്‍ എത്തി. അഭയാര്‍ത്ഥികളോടു പരമാവധി മാനുഷികത കാട്ടുമെന്ന് റുമേനിയ , പോളണ്ട് , ഹംഗറി , സ്ലോവേക്യ , മൊള്‍ഡോവ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related News