ലോകമെങ്ങും വ്യാപിച്ച ചൈനീസ് ഹാക്കിംഗ് ടൂള്‍ കണ്ടെത്തി അമേരിക്ക: പ്രതികരിക്കാതെ ചൈന

  • 02/03/2022


ന്യൂയോര്‍ക്ക്: വളരെക്കാലമായി ലോകമെങ്ങും വ്യാപിച്ച ചൈനീസ് ഹാക്കിംഗ് ടൂള്‍ കണ്ടെത്തി. യുഎസ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സിമന്‍ടെക് ആണ് ഇത് കണ്ടെത്തിയത്. പതിറ്റാണ്ടാളോമായി സൈബര്‍ ലോകത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ സജീവമായിരുന്നു ഈ ടൂള്‍ എന്നാണ് കണ്ടെത്തല്‍ പറയുന്നത്. ഇതിന്‍റെ കണ്ടെത്തല്‍ വിവരങ്ങള്‍ അമേരിക്കന്‍ അധികൃതരുമായി പങ്കുവച്ചുവെന്നാണ് വിവരം.

ഡാക്സിന്‍ എന്നാണ് ഈ ടൂളിന് നല്‍കിയിരിക്കുന്ന പേര്. പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ ബ്രോഡ്കോമിന്‍റെ അനുബന്ധ വിഭാഗമാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സിമന്‍ടെക്. അതേ സമയം അമേരിക്കന്‍ അധികൃതര്‍ക്ക് കൈമാറിയ പഠന ഫലങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കൈമാറിയെന്നാണ് വിവരം. ഇതുവരെ കാണാത്ത ഒന്ന് എന്നാണ് ഡാക്സിന്‍ സംബന്ധിച്ച് യുഎസ് സൈബര്‍ സെക്യൂരിറ്റി ഏജന്‍സി അസോസിയേറ്റ് ഡയറക്ടര്‍ ക്ലെയ്ത്തന്‍‍ റോമന്‍സ് പറയുന്നത്. 

അമേരിക്കന്‍ സര്‍ക്കാറുമായി അതീവ സുരക്ഷ സൈബര്‍ വിവരങ്ങളില്‍ ഗവേഷണം നടത്തുന്ന പൊതു സ്വകാര്യ പങ്കാളിയാണ് സിമന്‍ടെക്. ഈ പദ്ധതിയെ ജെസിഡിസി എന്നാണ് യുഎസ് വിശേഷിപ്പിക്കുന്നത്. ജോയന്‍റ് സൈബര്‍ ഡിഫന്‍സ് കൊളാബറേറ്റീവ് എന്നാണ് ഇതിന്‍റെ മുഴുവന്‍ പേര്. ഇത് വഴിയുള്ള ഗവേഷണത്തിലാണ് ചൈനീസ് ഹാക്കിംഗ് ടൂളിന്റെ രഹസ്യം പുറത്ത് എത്തിയത്. 

എന്നാല്‍ ഇത്തരം ഒരു ടൂള്‍ കണ്ടെത്തിയതുമായി പ്രതികരിക്കാന്‍ അമേരിക്കയിലെ ചൈനീസ് എംബസി തയ്യാറായില്ല. ചൈനയും ഹാക്കിംഗ് ഭീഷണിയുടെ ഇരയാണെന്നും, ഇത്തരം സൈബര്‍‍ ആക്രമണങ്ങളെ ചൈന എന്നും എതിര്‍ക്കുമെന്നും നേരത്തെ ചൈന പ്രതികരിച്ചിരുന്നു. 

അതേ സമയം ഇപ്പോള്‍ കണ്ടെത്തിയ ഡാക്സിന്‍റെ ശേഷി വളരെ വലുതാണെന്നും, പബ്ലിക് റിസര്‍ച്ചില്‍ ഇത് കണ്ടെത്താന്‍ വളരെ പ്രയാസമാണെന്നും സൈബര്‍ ത്രെട്ട് അലയന്‍സ് ചീഫ് അനലിസ്റ്റ് നീല്‍ ജെന്‍കിസ് അഭിപ്രായപ്പെടുന്നു. 

ഡാക്സിന്‍ സംയോജനവും അതിന്‍റെ വ്യാപനവും നടന്നിരിക്കുന്ന ചൈനയിലും, അവിടുത്തെ കമ്പ്യൂട്ടറുകളില്‍ നിന്നുമാണ് എന്നാണ് സിമന്‍ടെക് ഗവേഷണം പറയുന്നത്. വളരെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന വളരെ സാങ്കേതിക തികവാര്‍ത്ത ഒരു ടൂളാണ് ഡാക്സിന്‍ എന്നാണ് സിമന്‍ ടെക് പറയുന്നത്. 

നവംബര്‍ 2021 ല്‍ അടക്കം നടന്ന പല സൈബര്‍ ആക്രമണങ്ങളിലും ഡാക്സിന്‍ പങ്കാളിത്തം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. വളരെ വലിയ തലത്തില്‍ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഉന്നത ഏജന്‍സികളില്‍ തന്നെ ഈ ടൂളിന്‍റെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് പറയുന്നുണ്ട്. ലോകത്ത് എവിടെ നിന്നും ഒരു ഡാക്സിന്‍ ബാധിക്കപ്പെട്ട കമ്പ്യൂട്ടറിനെ നിയന്ത്രിക്കാന്‍ സാധിക്കും. എന്ന് റിപ്പോര്‍ട്ട് പറയുന്നു. 

Related News