വാക്ക്‌പാലിച്ച് ഇലോണ്‍ മസ്ക്: യുക്രൈനില്‍ ഒറ്റ ദിവസം കൊണ്ട് ഇന്‍റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്തു; നന്ദി അറിയിച്ച് യുക്രൈയിന്‍ ഉപപ്രധാനമന്ത്രി

  • 02/03/2022



കീവ്: ഒരു ട്വീറ്റ് കൊണ്ട് യുക്രൈനില്‍ ഹീറോയായ വ്യക്തിയാണ് ഇലോണ്‍ മസ്ക്. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടപ്പോൾ യുക്രൈനെ ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ടെസ്ല മേധാവിയും ലോക ധനികനുമായ ഇലോണ്‍ മസ്ക് രംഗത്ത് എത്തിയത്. യുക്രൈനായി തന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് ആക്ടിവേറ്റ് ചെയ്തതായി മക്സ് ശനിയാഴ്ച പ്രഖ്യാപിച്ചത്.

ഒറ്റ ദിവസം കൊണ്ട് ഇന്‍റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്ത മസ്ക് ഇപ്പോള്‍ പറഞ്ഞ വാക്കും പാലിച്ചിരിക്കുന്നു. സ്റ്റാര്‍ലിങ്കിന് ആവശ്യമായ  മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്ക് അറിയിച്ചത്. ഇപ്പോള്‍ അതും എത്തി. കഴിഞ്ഞ ദിവസമാണ് പടിഞ്ഞാറന്‍ യുക്രൈനില്‍ ഈ സാമഗ്രികള്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ മസ്ക് അയച്ച സാമഗ്രികളുടെ ചിത്രം ട്വീറ്റ് ചെയ്ത് നന്ദി അറിയിച്ചപ്പോള്‍ അതിനെ മസ്ക് അഭിവാദ്യം ചെയ്യുന്നുണ്ട്. 

നാല് ദിവസം മുന്‍പാണ് ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇലോണ്‍ മസ്കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സഹായമാണ് ചോദിച്ചത്. ഇതിന് മറുപടിയായി പത്ത് മണിക്കൂറിന് ശേഷമാണ് സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ യുക്രൈനില്‍ ആക്ടിവേറ്റ് ചെയ്തുവെന്ന് മസ്ക് അറിയിച്ചത്. ഇതോടെ ലോകത്തെങ്ങും മസ്കിന് വലിയ അഭിനന്ദമാണ് ട്വിറ്ററില്‍ കിട്ടിയത്.

അതേ സമയം വലിയ നഷ്ടം സംഭവിച്ചത് ലോക കോടീശ്വരന്‍  ഇലോണ്‍ മസ്‌കിനാണ് എന്നാണ് റിപ്പോര്‍ട്ട്. ടെസ്ല, സ്പേസ് എക്സ് മേധാവിയുടെ ആകെ സ്വത്തിന്‍റെ മൂല്യം 200 ബില്ല്യന്‍ ഡോളറില്‍ താഴെയെത്തിയെന്ന് ബ്ലൂംബര്‍ഗ് ഇന്‍ഡക്‌സിന്‍റെ പുതിയ കണക്ക്. മസ്‌കിന്റെ ഇപ്പോഴത്തെ ആകെ ആസ്തിയുടെ മൂല്യം 198.6 ബില്ല്യന്‍ ഡോളറാണ്. അദ്ദേഹത്തിന്റെ മൂല്യം കഴിഞ്ഞയാഴ്ച ഏകദേശം 99850.42 കോടി രൂപ ഇടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം കഴിഞ്ഞ നാലു മാസത്തിനിടയില്‍ മൊത്തം 71.7 ബില്ല്യന്‍ ഡോളര്‍ ഇടിഞ്ഞുവെന്നും പറയുന്നു.

മസ്‌കിന്റെ ആസ്തി കുതിച്ചുയര്‍ന്നത് 2021ല്‍ ആണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 340 ബില്ല്യന്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. എന്നാല്‍ പൊതുവില്‍ നോക്കുകയാണെങ്കില്‍ പുതിയ സംഭവ വികാസങ്ങള്‍ അത്രത്തോളം കാര്യമല്ലെന്നാണ് മസ്കിനെ നിരീക്ഷിക്കുന്ന വിപണി വിദഗ്ധരുടെ അഭിപ്രായം. കോടീശ്വരൻമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ആമസോണ്‍ കമ്പനി സ്ഥാപകന്‍ ജെഫ് ബേസോസിന്റെ ആസ്തിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ ആസ്തിയും ഒക്കെ ഇടിഞ്ഞിട്ടുണ്ട്. 

എന്നാല്‍ ബെസോസ്, ഗേറ്റ്സ്, എല്‍വിഎംഎച് മേധാവി ബേണഡ് ആര്‍ണോ എന്നിവര്‍ക്ക് മൂന്നു പേര്‍ക്കും കൂടി നഷ്ടപ്പെട്ടതിലേറെ മൂല്യം മസ്‌കിനു നഷ്ടപ്പെട്ടു. പുതിയ കണക്കു പ്രകാരവും കോടീശ്വരൻമാരുടെ പട്ടികയില്‍ ബെസോസിനേക്കാള്‍ 30 ബില്ല്യന്‍ ഡോളര്‍ മുന്നിലാണ് മസ്‌ക്.

Related News