ഫോണ്‍വിളിയില്‍ സംശയം; 10 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു, ശേഷം മക്കളോടൊപ്പം ഉത്സവം കാണാൻ പോയി

  • 02/03/2022

തിരുവനന്തപുരം: ഫോണ്‍വിളിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പരസ്ത്രീ ബന്ധം ആരോപിച്ചാണ് തര്‍ക്കമുണ്ടായത്. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു(37)വിനെയാണ് ഭാര്യ സൗമ്യ കല്ലും ടൈലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. 

 ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞത്. വീടിന്‍റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്‍റെ തലയിൽ സിമന്‍റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. 

 പത്ത് ദിവസം മുമ്പാണ് ഷിജു ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമിച്ചത്. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ അവിടെ കണ്ട ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാൻ ക്ഷേത്രത്തിലേക്ക് പോയി. തിരികെ എത്തിയപ്പോഴാണ് കുട്ടികൾ പിതാവ് മരിച്ച് കിടക്കുന്നത് കാണുന്നത്. തുടർന്നാണ്‌ സംഭവം പുറത്ത് അറിയുന്നത്. മകളോട് മോശമായി പെരുമാറിയപ്പോൾ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

Related News