ഇന്ത്യൻ പൗരൻമാരെ യുക്രൈൻ സൈന്യം ബന്ദികളാക്കുന്നു: ആരോപണവുമായി റഷ്യ, നിഷേധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • 03/03/2022



കീവ്: ഇന്ത്യൻ പൗരൻമാരെ യുക്രൈൻ സൈന്യം ബന്ദികളാക്കുനെന്ന ആരോപണവുമായി റഷ്യ. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനു തടസ്സം യുക്രൈൻ്റെ പുതിയ നീക്കമാണെന്നും പ്രധാനമായും ഇന്ത്യൻ വിദ്യാർഥികളെയാണ് സേന മനുഷ്യകവചമായി ഉപയോഗിക്കുന്നതെന്നുമാണു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആരോപണം.

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് റഷ്യ– യുക്രൈൻ അതിർത്തിയിലൂടെ സുരക്ഷിതമായ പാതയൊരുക്കുമെന്ന റഷ്യയുടെ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയുടെ പ്രഖ്യാപനം മണിക്കൂറുകൾ പിന്നിടുമ്പോഴാണു പുതിയ ആരോപണം. ഹാർകീവ് നഗരത്തിലാണ് ഇന്ത്യൻ വിദ്യാർഥികളെ യുക്രൈൻ സേന പ്രധാനമായും മനുഷ്യകവചമാക്കി ഉപയോഗിക്കുന്നത് എന്നാണു റഷ്യ വ്യക്തമാക്കുന്നത്. പ്രധാമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലെ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണു ‘മനുഷ്യകവചം’ സംബന്ധിച്ച ആരോപണം റഷ്യ ഉയർത്തിയത്.

അതേസമയം, റഷ്യൻ ആരോപണങ്ങളെ തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. റഷ്യൻ ആരോപണങ്ങൾ സാധൂകരിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇന്ത്യൻ വിദ്യാർഥികൾക്കു പടിഞ്ഞാറന്‍ അതിർത്തിയിലേക്കു പോകാനായി പ്രത്യേക ട്രെയിൻ സർവീസ് സജ്ജീകരിക്കണമെന്ന് യുക്രൈൻ അധികൃതരോട് അഭ്യർഥിച്ചതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

‘യുക്രൈയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതു സംബന്ധിച്ചു റഷ്യ, റൊമേനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ ഒട്ടേറെ ഇന്ത്യക്കാരെ യുക്രൈയ്നിൽനിന്ന് ഒഴിപ്പിക്കാനായി. ഇതു യാഥാർഥ്യമാക്കുന്നതിനായി യുക്രൈൻ അധികൃതർ നൽകിയ സഹായങ്ങൾക്കു പ്രത്യേക നന്ദി അറിയിക്കുന്നു’– അരിന്ദം ബാഗ്ചി പറഞ്ഞു.

Related News