ഇന്ത്യന്‍ പതാക മാത്രം അവിടെ വച്ചു; റഷ്യന്‍ സ്പേസ് ഏജന്‍സി അവരുടെ റോക്കറ്റില്‍ നിന്നും വിവിധ രാജ്യങ്ങളുടെ കൊടികള്‍ നീക്കം ചെയ്തു

  • 03/03/2022


മോസ്കോ: റഷ്യന്‍ സ്പേസ് ഏജന്‍സി അവരുടെ റോക്കറ്റില്‍ നിന്നും വിവിധ രാജ്യങ്ങളുടെ കൊടികള്‍ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. യുഎസ്എ, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരുടെ കൊടികളാണ് നീക്കം ചെയ്തത്. അതേ സമയം ഇന്ത്യയുടെ കൊടി അവിടെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ മേധാവി ദിമിത്രി റോഗോസ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. 

റഷ്യയുടെ വിക്ഷേപണ നിലയം സ്ഥിതി ചെയ്യുന്ന ബയ്ക്കനോറില്‍ നിന്നാണ് ഈ ദൃശ്യം എന്ന് ട്വീറ്റ് പറയുന്നു. ചില കൊടികള്‍ ഇല്ലാതെ ഞങ്ങളുടെ റോക്കറ്റ് കൂടുതല്‍ സുന്ദരമാണെന്ന് തോന്നുന്നു. വീഡിയോ പങ്കുവച്ച് ദിമിത്രി റോഗോസ് പറയുന്നു. 

റഷ്യയ്ക്ക് മുന്നില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും അവര്‍ക്കെതിരായ പ്രമേയം യുഎന്‍ പൊതുസഭയില്‍ അടക്കം പിന്താങ്ങുകയും ചെയ്ത രാജ്യങ്ങളുടെ പതാകയാണ് റോക്കറ്റില്‍ നിന്നും റഷ്യ മാറ്റിയത്. സാധാരണ ബഹിരാകാശ റോക്കറ്റുകളില്‍ മറ്റ് ബഹിരാകാശ പങ്കാളികളായ രാജ്യങ്ങളുടെ പതാക പതിക്കുന്ന പതിവുണ്ട്. എന്നാല്‍ യുക്രൈനിലെ റഷ്യന്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ റഷ്യയ്ക്കെതിരെ വിവിധ ലോകരാജ്യങ്ങള്‍ ഉപരോധവുമായി രംഗത്തുണ്ട്.

റഷ്യന്‍ ബാങ്കുകളെ അന്താരാഷ്ട്ര തലത്തിലെ സ്വിഫിറ്റ് (SWIFT) സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ജര്‍മ്മനി റഷ്യയുമായുള്ള നോര്‍ഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അടക്കം വിവിധ രാജ്യങ്ങള്‍ ഉപരോധവും എര്‍പ്പെടുത്തി. എന്നാല്‍ യുഎന്‍ രക്ഷകൌണ്‍സില്‍ അടക്കം നിക്ഷ്പക്ഷ നിലപാടാണ് ഇന്ത്യ എടുത്തത്. ഇതിനെ തുടര്‍ന്ന് കൂടിയാണ് ഇന്ത്യന്‍ പതാക നിലനിര്‍ത്തിയത് എന്നാണ് പുതിയ വീഡിയോയിലുടെ വ്യക്തമാകുന്നത്.

Related News