യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കലിന് ഉടൻ അനുമതി കിട്ടിയേക്കും

  • 04/03/2022


കീവ്: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കലിന് ഉടൻ അനുമതി കിട്ടിയേക്കും. അനുമതി ലഭിച്ചാല്‍ ഒഴിപ്പിക്കലിന് തയ്യാറെടുക്കാൻ വ്യോമസേന നിർദ്ദേശം എത്തിയിട്ടുണ്ട്. രണ്ട് റഷ്യൻ നിർമ്മിത IL-76 വിമാനം ഇതിനായി തയ്യാറാക്കിയെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.

കിഴക്കൻ അതിർത്തി വഴി രക്ഷാപ്രവർത്തനത്തിന് റഷ്യ അനുമതി നൽകിയാൽ ഉടൻ വിമാനങ്ങൾ പുറപ്പെടും. അതേസമയം, റഷ്യ വഴിയുള്ള ഒഴിപ്പിക്കലിന് സി 17 വിമാനം ഉപയോഗിക്കില്ല. യുക്രൈനിലേക്ക് ആറ് ടൺ സഹായ സമഗ്രികളുമായി അടുത്ത വ്യോമസേന വിമാനം റൊമേനിയിലേക്ക് തിരിച്ചു. ഈ വിമാനം കുട്ടികളുമായി തിരിച്ചെത്തും.

യുക്രൈനില്‍ ഇന്നും യുദ്ധം തുടരുകയാണ്. തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും തീരനഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തി. യുക്രൈന്‍ നഗരമായ എനര്‍ഹോദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.

അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിലയത്തിന് നേരെ വെടിയുതിര്‍ത്തെന്ന്   യുക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. നിലയത്തിന് തീപിടിച്ചിട്ടുണ്ട്. നിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ദുരന്തക്കേള്‍ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്ന് യുക്രൈന്‍ അദ്ദേഹം പറഞ്ഞു. 

യുക്രൈന്റെ കരിങ്കടല്‍, അസോവ കടല്‍ അതിര്‍ത്തികള്‍ ഇല്ലാതാക്കുകയാണ് റഷ്യ ഇപ്പോള്‍ ചെയ്യുന്നത്. ഒഡേസ കൂടി വീണാല്‍ കരിങ്കടല്‍ യുക്രൈന് മുന്നില്‍ അടഞ്ഞ് കടല്‍ത്തീരമില്ലാത്ത രാജ്യമാകും യുക്രൈന്‍. യുക്രൈന് മാത്രമല്ല, നാറ്റോയ്ക്കും ചിന്തിക്കാവുന്നതിനപ്പുരമാണ് റൊമാനിയന്‍ തീരം വരെ കരിങ്കടലിലും അസോവിലും റഷ്യന്‍ ആധിപത്യം. ഇത് മുന്‍കൂട്ടിക്കണ്ട് കരിങ്കടലില്‍ റഷ്യന്‍ പടക്കപ്പലുകള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന് തുര്‍ക്കിയോട് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News