വിവാദങ്ങൾക്കൊടുവിൽ ഡിസിസി ഭാരവാഹി പട്ടിക തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രഖ്യാപിക്കും; സമവായ സൂചന

  • 04/03/2022

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ഡിസിസി ഭാരവാഹി പട്ടിക തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രഖ്യാപിക്കും. സമവായ ശ്രമത്തിന്റ ഭാഗമായി കെ സുധാകരനും വി ഡി സതീശനും കൂടിക്കാഴ്ച്ച നടത്തി.  ചില ജില്ലകളിൽ ഇനിയും ചർച്ച നടത്താനുണ്ട്. തിങ്കളാഴ്ച്ച ഇരു നേതാക്കളും വീണ്ടും ചർച്ച നടത്തും.

കരട് പട്ടികയിൻമേൽ സുധാകരനുമായി സതീശൻ അനുകൂലികൾ  കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും വിട്ടു വീഴ്ച്ച ചെയ്ത് പട്ടികയിൽ മാറ്റം വരുത്താൻ ധാരണയിലെത്തിയിരുന്നു. എം പി മാരുടെ പരാതിയുണ്ടെന്ന പേരിൽ ആയിരുന്നു ഹൈക്കമാന്റ് പുനസംഘടന നിർത്തിവെച്ചത്. ഇതിൽ രോഷാകുലനായ സുധാകരൻ പദവി ഒഴിയും എന്ന് വരെ എഐസിസി യെ അറിയിച്ചുരുന്നു. കെ സി വേണുഗോപാലും സതീശനും ചേർന്നു പാർട്ടി പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് സുധാകരന്റെ പരാതി. എന്നാൽ പുതിയ ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നിൽ ചെന്നിത്തലയെ ആണ് സതീശൻ സംശയിക്കുന്നത്. 

കെ സുധാകരനുമായി സമവായത്തിലെത്തി രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ചു നീങ്ങാനാണ് വിഡി സതീശന്റെ നീക്കം. പ്രശ്‌നങ്ങൾക്ക് പിന്നിൽ കെ സി വേണുഗോപാലാണെന്ന ആക്ഷേപങ്ങൾ തള്ളിയാണ് സതീശൻറെ പ്രതികരണം. പട്ടിക പ്രഖ്യാപിച്ചാലും പാർട്ടിയിൽ രൂക്ഷമായ ഭിന്നത  അവസാനിക്കാനുള്ള സാധ്യത കുറവാണ്.

Related News