റഷ്യ യുക്രൈൻ അധിനിവേശം: യുദ്ധം റിപ്പോ‍‍ർട്ട് ചെയ്തതിന് റഷ്യൻ ടിവി ചാനലിന് സസ്പെൻഷൻ; ലൈവ് ഷോക്കിടെ രാജിവച്ച് ജീവനക്കാരുടെ പ്രതിഷേധം

  • 05/03/2022


മോസ്കോ: റഷ്യ യുക്രൈനെതിരായ അധിനിവേശം തുടരുമ്പോൾ യുദ്ധത്തിനെതിരെയാണ് ലോകം മുഴുവൻ സംസാരിക്കുന്നത്. റഷ്യയിൽ തന്നെ യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ റഷ്യയിലെ ടെലിവിഷൻ ചാനലിൽ ലൈവ് ഷോ നടക്കുന്നതിനിടെ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും രാജിവച്ചിറങ്ങി. യുദ്ധത്തോട് നോ പറഞ്ഞുകൊണ്ടാണ് ഇവ‍ർ തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.  

ടിവി റെയിൻ എന്ന ചാനലിലെ ജീവനക്കാരാണ് കൂട്ടരാജി വച്ച് യുദ്ധവിരുദ്ധ പ്രഖ്യാപനം നടത്തിയത്. യുക്രൈനെതിരായ യുദ്ധം സംപ്രേഷണം ചെയ്തതിന് പിന്നാലെ ചാനലിന്റെ നടത്തിപ്പ് റഷ്യൻ അധികൃത‍ർ സസ്പെന്റ് ചെയ്തിരുന്നു. ചാനലിനെ സസ്പെന്റ് ചെയ്തതെന്തിനെന്നത് അവ്യക്തമാണെന്ന് സ്ഥാപകരിലൊരാളായ നതാലിയ സിന്ദെയെവ പറഞ്ഞു. 

ചാനലിന്റെ അവസാന പരിപാടിയിലാണ് ജീവനക്കാ‍ർ ഒന്നടങ്കം രാജിവച്ച് സ്റ്റുഡിയോയിൽ നിന്ന് വാക്ക് ഔട്ട് നടത്തിയത്. ഇതിന് പിന്നാലെ ചാനലിൽ സ്വാൻ ലേക്ക് ബാലെറ്റ് വീഡിയോ സംപ്രേഷണം ചെയ്തു. 1991 ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റഷ്യൻ ടിവി ചാനലിൽ പ്രത്യക്ഷപ്പെട്ടത് ഇതേ ഗാനമായിരുന്നു. ഇതിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

യുക്രൈനിലെ സംഭവ വികാസങ്ങൾ റിപ്പോ‍‍ർട്ട് ചെയ്തതിന് റഷ്യയിലെ എക്കോ ഓഫ് മോസ്കോ എന്ന റേഡിയോ ചാനലും സമ്മ‍ർദ്ദത്തിലാണ്. വർഷങ്ങൾ പഴക്കമുള്ള ഈ റേഡിയോയുടെ എഡിറ്റോറിയൽ പോളിസി മാറ്റാനാകില്ലെന്നാണ് സമ്മ‍ർദ്ദത്തോടുള്ള സ്ഥാപനത്തിന്റെ എഡിറ്റ‍ർ ഇൻ ചീഫ് അലക്സി വെനെഡിക്കോവ് പറഞ്ഞു.

Related News