ലോകത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള അണുബോംബിന്റെ, നിര്‍മാണത്തിന്റെ വക്കിലാണ് യുക്രൈൻ: ആരോപണവുമായി റഷ്യ

  • 08/03/2022


കീവ്: അപ്രതീക്ഷിതമായുണ്ടായ ചെറുത്തുനില്‍പ്പില്‍ അടിപതറിയ റഷ്യ യുക്രൈനിനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നു. ലോകത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള അണുബോംബിന്റെ, നിര്‍മാണത്തിന്റെ വക്കിലാണ് യുക്രൈന്‍ എന്നാണ് പുതിയ പ്രചാരണം. റഷ്യയിലെ പ്രമുഖരായ മൂന്ന് വാര്‍ത്താ ഏജന്‍സികളാണ് ഇത്തരമൊരു പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ആരെയും ഉദ്ധരിക്കുകയോ ഒരു തെളിവും നിരത്തുകയോ ചെയ്യാതെയാണ് യുക്രൈനിന് എതിരെ ഗുരുതരമായ ഈ ആരോപണം ഉയര്‍ത്തുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

റഷ്യയിലെ ടാസ്, ആര്‍ഐഎ, ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സികളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ആണവദുരന്തമുണ്ടായ ചെര്‍ണോബില്‍ കേന്ദ്രമായി യുക്രൈന്‍ അപകടകരമായ രീതിയില്‍ ആണവായുധം ഉണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചെര്‍ണോബിലില്‍ വെച്ച് അണുബാംബുണ്ടാക്കുന്നത് എന്തു വില കൊടുത്തും തടയണമെന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, ഇങ്ങനെ ഒരാണവായുധം നിര്‍മിക്കുന്നു എന്നതിനുള്ള ഒരു തെളിവും ഈ വാര്‍ത്താ ഏജന്‍സികള്‍ മുന്നോട്ടുവെക്കുന്നില്ല. 

യുക്രൈനിലെയോ പുറത്തോ ഉള്ള ഒരു വിദഗ്ധനെയും ഇക്കാര്യത്തില്‍ ഉദ്ധരിക്കുന്നുമില്ല. യുക്രൈന്റെ ആണവായുധ നിര്‍മാണത്തെക്കുറിച്ച് അറിവുള്ള ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു എന്ന നിലയ്ക്കാണ് വാര്‍ത്ത. മാനവരാശിക്ക് അപകടകരമായ ആയുധം നിര്‍മിക്കുന്ന യുക്രൈനെ തടയേണ്ടത് ആവശ്യമാണെന്ന ആംഗിളിലാണ് വാര്‍ത്ത റഷ്യന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

എന്നാല്‍, ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനമായ ഒരു വസ്തുതയും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ മുന്നോട്ടുവെക്കുന്നില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രൈന്‍ അധികൃതരാവട്ടെ ഇതിനെ കുറിച്ച് ഇതുവര പ്രതികരിച്ചിട്ടുമില്ല. ഫെബ്രുവരി 23-ന് യുക്രൈനിനെ ആക്രമിക്കുന്നതിനു മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ നടത്തിയ പ്രഭാഷണത്തില്‍ സോവിയറ്റ് യൂനിയന്റെ ആണവരഹസ്യങ്ങള്‍ അറിയുന്ന വിദഗ്ധരെ ഉപയോഗിച്ച് യുക്രൈന്‍ ആണവായുധ നിര്‍മാണം നടത്തുന്നതായി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇങ്ങനെ ഒരാരോപണം ഉന്നയിക്കുക എന്നതല്ലാതെ അതുമായി ബന്ധപ്പെട്ട ഒരു വിവരവും പുടിനും പുറത്തുവിട്ടിരുന്നില്ല

Related News