ഇന്ധനവില ബാരലിന് 300 ഡോളർവരെയാകുമെന്ന് താക്കീത് നൽകി റഷ്യ

  • 09/03/2022



ലണ്ടൻ: വൻകിട ഊർജ കമ്പനിയായ ഷെൽ, റഷ്യയിൽ നിന്നുള്ള എണ്ണ, പാചകവാതകം എന്നിവ വാങ്ങില്ലെന്ന് അറിയിച്ചു. റഷ്യയിലെ സർവീസ് സ്റ്റേഷനുകൾ ഉൾപ്പെടെ നിർത്തലാക്കുമെന്നും പ്രഖ്യാപിച്ചു. 

കഴിഞ്ഞയാഴ്ച ഷെൽ റഷ്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ വാങ്ങിയെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ ഷെൽ ക്ഷമാപണം നടത്തി. റഷ്യയിലെ സഖാലിൻ പ്രകൃതി വാതക പ്ലാന്റിൽ ഷെല്ലിന് 27.5% ഓഹരിയുണ്ട്. 

യുഎസിൽ ഇന്നലെ പെട്രോൾ വില ഏറ്റവും ഉയർന്ന നിലയിലെത്തി. ഗ്യാലന് ശരാശരി 4.173 ഡോളർ എന്നതായിരുന്നു ഇന്നലത്തെ വില. റഷ്യയ്ക്കു മേൽ യുഎസ് ഉൾപ്പെടെ രാജ്യങ്ങൾ നടപ്പാക്കിയ ഉപരോധങ്ങളാണ് ഇതിനു വഴിവച്ചത്. കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയാൽ ജർമനിയിലേക്കുള്ള എണ്ണ പൈപ്പ് ലൈൻ അടയ്ക്കുമെന്നും ഇന്ധനവില ബാരലിന് 300 ഡോളർവരെയാകുമെന്നും റഷ്യ താക്കീത് നൽകി. 

ഇതിനിടെ, യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം വൻ ഇടിവ് നേരിട്ട റൂബിൾ സ്ഥിരത നേടുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഇതുവരെ ഡോളറുമായുള്ള താരതമ്യത്തിൽ റൂബിളിന് 40% വിലയിടിഞ്ഞു. 

Related News