അന്താരാഷ്ട്ര കമ്പനികൾക്കെതിരെ ഭീഷണിയുമായി റഷ്യൻ ഭരണകൂടം

  • 14/03/2022



മോസ്കോ: യുക്രൈന് എതിരായ സൈനിക നീക്കത്തിൽ അന്താരാഷ്ട്ര കമ്പനികൾക്കെതിരെ ഭീഷണിയുമായി റഷ്യൻ ഭരണകൂടം. കൊക്കക്കോള, ഐബിഎം, മക്ഡൊണാൾഡ്, കെഎഫ്സി, പ്രോക്ടർ ആൻഡ് ഗാംബിൾ, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികൾക്കെല്ലാം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് റഷ്യ. 

റഷ്യൻ ഭരണകൂടത്തെ വിമർശിച്ച ഈ കമ്പനികളുടെയെല്ലാം ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികൾ അടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലിൽ ഇടുമെന്നുമാണ് റഷ്യൻ ഭരണകൂടത്തിന്റെ ഭീഷണിയെന്ന് വാൾസ്ട്രീറ്റ് ജേണലാണി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോൺ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യൻ അധികൃതർ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

യുക്രൈനെതിരായ സൈനിക നീക്കത്തെ തുടർന്ന് റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആഗോള കുത്തക കമ്പനികളും റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. തങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്ന കാര്യം വകവെക്കാതെ കമ്പനികൾ റഷ്യയിൽ നിന്ന് പിന്മാറുകയായിരുന്നു. ഈ പട്ടിക നാൾക്കുനാൾ വികസിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭീഷണിയുടെ സ്വരത്തിൽ തന്നെ പുടിൻ ഭരണകൂടം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

യുക്രൈൻ വിഷയത്തിൽ കടുത്ത നിലപാടാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ റഷ്യക്കെതിരെ സ്വീകരിച്ചത്. പല കമ്പനികളും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇത്രയൊക്കെ സംഭവിക്കുമ്പോഴും വെറുതെ നോക്കി നിൽക്കുകയായിരുന്നില്ല റഷ്യൻ ഭരണകൂടം എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Related News