അവശേഷിച്ചിരുന്ന അപൂർവം യാത്രാനിയന്ത്രണങ്ങളും ഒഴിവാക്കി ബ്രിട്ടൺ; ഇനി സാധാരണ ജീവിതത്തിലേക്ക്

  • 15/03/2022


ലണ്ടൻ: കൊറോണ വ്യപനത്തിൻ്റെ പാശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണങ്ങൾ ഇനി ബ്രിട്ടനിൽ ഉണ്ടാകില്ല. മാസ്കും സാമൂഹിക അകലവും ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് നേരത്തെ കടന്ന ബ്രിട്ടനിൽ അവശേഷിച്ചിരുന്ന അപൂർവം യാത്രാനിയന്ത്രണങ്ങളും ഈ വെള്ളിയാഴ്ച മുതൽ ഇല്ലാതാകും. 

വിദേശത്തുനിന്നും ബ്രിട്ടനിലേക്കുള്ള യാത്രയ്ക്കു മുമ്പ് പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണമെന്നും രണ്ടു ഡോസ് വാക്സീൻ എടുക്കാത്തവർ കൊറോണ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് റിസൾട്ട് നൽകണമെന്നുമുള്ള നിബന്ധനകളാണ് വെള്ളിയാഴ്ച പുലർച്ചെ നാലു മുതൽ ഇല്ലാതാകുന്നത്. ഇതോടെ ബ്രിട്ടനിലേക്കുള്ള രാജ്യാന്തര യാത്രകളെല്ലാം കൊറോണ കാലത്തിനു മുമ്പുണ്ടായിരുന്നതിന് സമാനമാകും. 

ബ്രിട്ടനിൽ വസന്തകാലത്ത് വിനോദസഞ്ചാരത്തിന് എത്താൻ കാത്തിരിക്കുന്നവർക്കും വേനൽ അവധിക്ക് വിദേശങ്ങളിലേക്ക് യാത്രപോകാൻ കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടയുള്ളവർക്കും ആശ്വാസവും ആഹ്ലാദവും പകരുന്ന വാർത്തയാണിത്. 

ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് യാത്രാനിയന്ത്രണൾ നീക്കുന്നകാര്യം അറിയിച്ചത്. ബ്രിട്ടൻ നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ അതത് രാജ്യങ്ങളിലെ ട്രാവൽ നിയന്ത്രണങ്ങൾ മനസിലാക്കിവേണം യാത്രകൾക്ക് തയാറെടുക്കാൻ എന്ന് മന്ത്രി ഓർമിപ്പിച്ചു. 

Related News