ഏഴ് കോടി വാഗ്ദാനം ചെയ്തിട്ടും വിട്ടുകൊടുത്തില്ല; ഒടുവിൽ മാൾ ഉയർന്നത് വയോധികയുടെ വീടിനുചുറ്റും

  • 16/03/2022

ന്യൂയോർക്ക്: സ്വന്തം വീടിനോട് ചിലർക്ക് വല്ലാത്തൊരു ആത്മബന്ധമുണ്ടാകും. പകരം എന്തൊക്കെ തരാമെന്ന് പറഞ്ഞാലും വീട് വിട്ടുകൊടുക്കാൻ അങ്ങനെയുള്ളവർ തയ്യാറാവണമെന്നില്ല. അത്തരത്തിൽ സ്വന്തം വീടിന് വാഗ്ദാനംചെയ്യപ്പെട്ട സ്വപ്ന വില വേണ്ടെന്നുവെച്ച ഒരു സ്ത്രീയുടെ കഥ ആരെയും അതിശയിപ്പിക്കുന്നതാണ്. അമേരിക്കയിലെ സിയാറ്റിൽ ജീവിച്ചിരുന്ന ഈഡിത്ത് മെയ്സ്ഫീൽഡ് എന്ന വയോധികയുടേതായിരുന്നു ഈ വീട്. 2006 ൽ ഈ വീട് ഉൾപ്പെടുന്ന സ്ഥലത്ത് ഒരു മാൾ നിർമിക്കാൻ ഒരു ബിൽഡർ രംഗത്തെത്തുന്നതോടെയാണ് ഇവരുടെ വീട് വാർത്തകളിൽ ഇടംപിടിക്കുന്നത്. മാൾ നിർമിക്കുന്നതിനായി വീടിരിക്കുന്ന സ്ഥലം വിൽക്കാൻ 84-കാരിയായ ഈഡിത്ത് മെയ്സ്ഫീൽഡ് തയ്യറായിരുന്നില്ല. വീടിന് മോഹവില വരെ വാഗ്ദാനം ചെയ്തിട്ടും അവർ വഴങ്ങിയില്ല.

1952 -ൽ 3750 ഡോളറിനാണ് ഈഡിത്ത് ഈ വീട് വാങ്ങുന്നതെന്ന് സിയാറ്റിൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. തന്റെ അമ്മ ആലീസിനൊപ്പമാണ് ഈഡിത്ത് ഈ വീട്ടിൽ താമസിച്ചിരുന്നത്. വീട് വിൽക്കില്ലെന്ന ഈഡിത്തിന്റെ വാശി വിജയിച്ചതിനാൽ അവരുടെ വീടിന് ചുറ്റുമായാണ് അവസാനം മാൾ ഉയർന്നത്. ഈഡിത്തിന്റെ 1050 ചതുരശ്ര അടി വിസ്തീർണമുള്ള വീട് അഞ്ച് നില മാളിനാൽ ചുറ്റപ്പെട്ട നിലയിലായി.

ആദ്യം അഞ്ച് കോടിയോളമായിരുന്നു ബിൽഡർ ഈഡിത്തിന്റെ വീടിനായി വാഗ്ദാനം ചെയ്ത തുക. പിന്നീട് 7.6 കോടി വരെയായി ഉയർത്തുകയായിരുന്നു. എന്നാൽ ഈഡിത്തിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. തങ്ങളുടെ സ്വപ്ന പദ്ധതിക്ക് ഈഡിത്തും വീടും ഒരു വിലങ്ങുതടിയായി നിന്നെങ്കിലും ഫ്ളാറ്റ് നിർമ്മാതാക്കൾ ഈഡിത്തുമായി ശത്രുതയൊന്നും പുലർത്തിയില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കൂടാതെ ഫ്ളാറ്റിന്റെ കൺസ്ട്രക്ഷൻ മാനേജറായ ബാരി മാർട്ടിനുമായി ഈഡിത്ത് വലിയ സൗഹൃദത്തിലാവുകയും ചെയ്തു. അക്കാലത്ത് ബാരി ഈഡിത്തിനെ ബ്യൂട്ടി പാർലറിലേക്ക് കൊണ്ടുപോകുകയും വീട് ജോലികളിൽ സഹായിക്കുകയും വരെ ചെയ്തിരുന്നു.

2008ൽ മരിക്കുന്നതിന് തൊട്ട് മുൻപായി വീട് വിൽക്കാൻ ഈഡിത്ത് ബാരിക്ക് അനുമതി നൽകി. വിറ്റുകിട്ടുന്ന തുക ബാരിയോട് എടുത്തുകൊള്ളാനും അവർ പറഞ്ഞു. നല്ല വില ലഭിക്കുമ്പോൾ മാത്രം വിറ്റാൽ മതിയെന്നും ഈഡിത്ത് ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ സാമ്പത്തിക മാന്ദ്യത്തിൽ തൊഴിൽ രഹിതനായ ബാരി ഒടുവിൽ 2.3 കോടി രൂപയ്ക്കാണ് ഈ വീട് വിറ്റത്.

വികസനം ഉണ്ടാവുന്നതിന് ഈഡിത്ത് എതിരായിരുന്നില്ലെന്നും ഈ വീടിനോടുള്ള ആത്മബന്ധമാണ് വീട് വിട്ടുകൊടുക്കാതിരിക്കാൻ അവരെ പ്രേരിപ്പിച്ചതെന്നും ഒരഭിമുഖത്തിൽ ബാരി വ്യക്തമാക്കി. പ്രശസ്ത ഡിസ്നി സിനിമയായ 'അപ്'-ൽ ചിത്രീകരിച്ചിരിക്കുന്നത് ഇവരുടെ വീടും അതിന്റെ പശ്ചാത്തലവുമാണ്.

Related News