കിഴക്കൻ യുക്രെയ്നിൽ ആക്രമണം തുടർന്ന് റഷ്യ: സ്കൂളിനുനേരെയും ആക്രമണം; 21 പേർ കൊല്ലപ്പെട്ടു

  • 18/03/2022



കീവ്: കിഴക്കൻ യുക്രെയ്നിൽ ആക്രമണം തുടർന്ന് റഷ്യ. സ്കൂളിനു നേരെ റഷ്യ നടത്തിയ ഷെല്ലിങ്ങിൽ 21 പേർ കൊല്ലപ്പെട്ടു. ഹാർകിവ് നഗരത്തിനു പുറത്തെ മെറേഫയിലെ സ്കൂളിനും സാംസ്കാരിക കേന്ദ്രത്തിനും നേരെയാണു വ്യാഴാഴ്ച ആക്രമണമുണ്ടായത്. 25 പേർക്കു സംഭവത്തിൽ പരുക്കേറ്റു. ഇതിൽ പത്തു പേരുടെ നില ഗുരുതരമാണ്.

ബഹുനില കെട്ടിടത്തിന്റെ മധ്യഭാഗത്താണ് ആക്രമണമുണ്ടായതെന്നു അധികൃതർ വ്യക്തമാക്കി. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹാർകീവിന് 30 കിലോമീറ്റർ വടക്കാണ് ആക്രമണമുണ്ടായ മെറേഫ. ആഴ്ചകളായി റഷ്യൻ വ്യോമാക്രമണം തുടരുന്ന ഹാർകീവ് നഗരം തകർന്ന നിലയിലാണുള്ളത്. 

മരിയുപോളിലെ തിയേറ്ററും റഷ്യയുടെ വ്യോമാക്രമണത്തിൽ തകർന്നു. കെട്ടിടത്തിനകത്തു നൂറുകണക്കിന് ആളുകൾ കുടുങ്ങിയതായാണു റിപ്പോർട്ടുകൾ. ആക്രമണത്തെ തുടർന്ന് ആളുകൾ മൂന്നു നിലകളിലായുള്ള തിയേറ്ററിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു.

ഈ കെട്ടിടം പൂർണമായും തകർന്നു. അതേസമയം യുക്രെയ്നിൽനിന്നു മടങ്ങാനായി താൽപര്യം പ്രകടിപ്പിച്ച ഏതാനും ഇന്ത്യക്കാർക്ക് എല്ലാ സഹായവും ഉറപ്പു വരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപറേഷൻ ഗംഗ തുടരുകയാണെന്നും 20 ഓളം പേർക്കു സഹായം ലഭ്യമാക്കിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. യുക്രെയ്നിലുള്ള മറ്റ് ഇന്ത്യക്കാർക്ക് ഇപ്പോൾ മടങ്ങാൻ താൽപര്യമില്ലെന്നും അവരുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related News