വീട്ടിലും നാട്ടിലും അരുമകളായി ഇഗ്വാനകൾ; ഫാം ഒരുക്കി മലപ്പുറം സ്വദേശി സുനീർ

  • 18/03/2022

മലപ്പുറം: കേരളത്തിൽ പല വീടുകളിലും ഇഗ്വാനയെ വളർത്തുന്നുണ്ടെങ്കിലും മുട്ടയിട്ട് വിരിയുന്നത് അപൂർവമാണ്. മഞ്ചേരി കാരക്കുന്ന് സ്വദേശി സുനീറിന്റെ വീട്ടിലാണ് ഇഗ്വാന മുട്ടയിട്ടത്. രണ്ടര വർഷമായി ഇഗ്വാനകളെ വളർത്തുന്ന സുനീറിന്റെ പക്കൽ അഞ്ച് ഇനം ഇഗ്വാനകളുണ്ട്. 65 മുതൽ 90 ദിവസം വരെയാണ് മുട്ട വിരിയാൻ എടുക്കുന്ന സമയം. 40 ഓളം മുട്ടകളാണ് സുനീറിന്റെ പക്കൽ വിരിയാൻ ഇരിക്കുന്നത്. മണൽ പരപ്പിൽ മുട്ടയിട്ട് മറ്റുള്ളവരുടെ ഇടപെടലില്ലാതെ വിരിയുന്നതാണ് സാധാരണ രീതി. 

എന്നാൽ മുട്ട പൊട്ടാതിരിക്കാൻ കൂട്ടിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ഒരു പാത്രത്തിലേക്ക് മാറ്റുകയാണ് സുനീർ ചെയ്യുന്നത്. ചാരനിറമുള്ള ചാർളിയും ചുവന്ന നിറമുള്ള ടോണിയും നീലനിറത്തിലുള്ള റോക്കിയും വീട്ടിലെ അരുമകളാണ്. മാത്രമല്ല കടൽകടന്ന് എത്തിയ ഈ മെക്സിക്കൻ ഓന്തുകൾ നാട്ടിലും താരങ്ങളാണ്. 

ലോക്ക് ഡൗൺ കാലയളവിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരിൽ വർധന ഉണ്ടായിട്ടുണ്ടെങ്കിലും ജില്ലയിൽ ആദ്യമായാണ് ഇഗ്വാനകൾക്ക് ഫാം ഒരുക്കുന്നത്. രണ്ടര വർഷമായി ഇഗ്വാനകളെ വളർത്തുന്ന സുനീറിന്റെ പക്കൽ അഞ്ച് ഇനം ഇഗ്വാനകളുണ്ട്. തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് സുനീർ ഇവയെ വാങ്ങിയത്. കഴിഞ്ഞ രണ്ടുവർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചാർളി എന്ന ഇഗ്വാന കഴിഞ്ഞ ആഴ്ചയിൽ മുട്ടയിട്ടത്.

അന്തരീക്ഷ ഊഷ്മാവിൽ വിരിയുമെങ്കിലും പ്രത്യേക സംരക്ഷണം നൽകി വിരിയിക്കാനാണ് സുനീറിന്റെ ശ്രമം. ഇണ ചേർന്ന് 65 ദിവസം കഴിഞ്ഞാണ് ഇവ മുട്ടയിടുന്നത്. 65 മുതൽ 90 ദിവസംവരെ വേണം വിരിയാൻ. ഇഗ്വാന കുഞ്ഞുങ്ങൾക്ക് 9000 മുതൽ 25,000 രൂപവരെയാണ് വില. മൂന്നടിയുള്ളവയ്ക്ക് 25,000 രൂപമുതൽ ഒന്നരലക്ഷം വരെ ലഭിക്കും. വെള്ള, മഞ്ഞ നിറങ്ങളിലുള്ളവയ്ക്കാണ് ആവശ്യക്കാർ ഏറെ. 15,20 വർഷമാണ് ഇവയുടെ ആയുസ്. ചെമ്പരത്തിപ്പൂവാണ് സസ്യഭുക്കുകളായ ഇവയുടെ ഇഷ്ടഭക്ഷണം.

Related News