പാശ്ചാത്യ രാജ്യങ്ങളുമായി ചേർന്നു റഷ്യൻ ക്രൂരതയെ അപലപിക്കൂ: ചൈനയോട് ആവശ്യപ്പെട്ട് യുക്രെയ്ൻ

  • 20/03/2022



കീവ്: യുക്രെയ്‌ൻ നഗരങ്ങൾക്കും ജനങ്ങൾക്കും മേൽ റഷ്യ ക്രൂരമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി ചേർന്നു റഷ്യൻ ക്രൂരതയെ അപലപിക്കാൻ ചൈനയോട് ആവശ്യപ്പെട്ട് യുക്രെയ്ൻ. റഷ്യയ്ക്ക് പടക്കോപ്പുകളോ മറ്റു സഹായങ്ങളോ നല്‍കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനയ്ക്കു താക്കീത് നൽകിയതിനു പിന്നാലെയാണു റഷ്യൻ അധിനിവേശത്തെ അപലപിക്കാൻ യുക്രെയ്‌ൻ ചൈനയോട് ആവശ്യപ്പെട്ടത്. 

കിരാതമായ ആക്രമണങ്ങളെ പിന്തുണയ്ക്കുകയെന്നതു പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല. ഉചിതമായ തീരുമാനം ചൈന എടുത്താൽ രാജ്യാന്തര സുരക്ഷാ സംവിധാനത്തിന്റെ പ്രധാനഘടകമാകാൻ ചൈനയ്ക്ക് കഴിയുമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് ട്വീറ്റ് ചെയ്തു. റഷ്യയ്ക്കെതിരെയുള്ള രാജ്യാന്തര പ്രതിഷേധങ്ങളിൽ നിന്ന് ചൈന വിട്ടുനിൽക്കുകയും റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു മൈഖൈലോ പോഡോലിയാക്കിന്റെ ട്വീറ്റ്. 

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും യുഎസ് പ്രസിഡന്റ് ജോ ബൈഡനും രണ്ട് മണിക്കൂർ വിഡിയോ കോളിൽ യുദ്ധവുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവച്ചതിനു പിന്നാലെയാണു റഷ്യൻ അധിനിവേശത്തിനെതിരെ രംഗത്തുവരാൻ ചൈനയോടു യുക്രെയ്‌നിന്റെ ആഹ്വാനം. ഇപ്പോഴത്തെ യുദ്ധത്തിനോട് ആർക്കും താൽപര്യമില്ലെന്നായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ചർച്ചയിൽ പറഞ്ഞത്. 

ചരിത്രത്തിന്റെ ശരിയായ ഭാഗത്ത് നിൽക്കേണ്ടത് അനിവാര്യമാണെന്നും ഇപ്പോൾ യുക്രെയ്നിൽ നടക്കുന്ന സംഭവവികാസങ്ങൾ ആരും ആഗ്രഹിക്കുന്നില്ലെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ചൈനയും യുഎസും രാജ്യാന്തര ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ഷി ചിൻപിങ് പറഞ്ഞിരുന്നു. പുട്ടിനെ പിന്തുണയ്ക്കുകയാണോ അതോ റഷ്യയ്ക്കെതിരായ യുഎസിന്റെ നടപടികൾക്ക് പിന്തുണയാണോ ചൈന നൽകുന്നതെന്നു ഷി ചിൻപിങ് വ്യക്തമാക്കിയിരുന്നില്ല. ചൈന ഈ പ്രതിസന്ധിയിൽ കക്ഷിയല്ലെന്നും സമാധാനശ്രമങ്ങൾക്കു മുൻകയ്യെടുക്കാൻ ചൈന ഒരുക്കമാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി കഴിഞ്ഞദിവസം പറയുകയും ചെയ്തിരുന്നു. 

റഷ്യയ്ക്ക് ചൈന ആയുധങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിച്ചു നൽകുമോയെന്ന ആശങ്കയും യുക്രെയ്‌നുണ്ട്. നിലവിൽ നടന്നുവരുന്ന ചർച്ചകളെ റഷ്യ ആത്മാർഥമായല്ല സമീപിക്കുന്നതെന്നും ഒരുവശത്തു ചർച്ച നടക്കുമ്പോൾ മറുവശത്ത് ജനങ്ങളെ ബോംബിട്ടു കൊല്ലുന്നത് അതിനു തെളിവാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചിരുന്നു. അതേസമയം, യാഥാർഥ്യത്തിനു നിരക്കാത്ത നിർദേശങ്ങൾ മുന്നോട്ടുവച്ച് യുക്രെയ്ൻ ചർച്ച അലസുകയാണെന്ന് ജർമൻ ചാൻസലറുമായുള്ള ഫോൺ സംഭാഷണത്തിൽ പുട്ടിൻ ആരോപിച്ചിരുന്നു. 

Related News