കെ റെയിലിന് ബദലായി ഫ്ളൈ ഇൻ കേരള; നിർദേശം വെച്ച് കെ സുധാകരൻ

  • 20/03/2022

തിരുവനന്തപുരം: കെ റെയിലിന് ബദലായി ഫ്ളൈ ഇൻ കേരള നിർദേശം വെച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവീസ് പോലെ വിമാന സർവീസാണ് കോൺ?ഗ്രസിന്റെ പുതിയ നിർദ്ദേശം. കാസർകോട് നിന്നും മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുറത്ത് എത്താം. വിശദമായ രൂപരേഖ ഫേസ്ബുക്ക് പേജ് വഴി നിർദേശിച്ചിരിക്കുകയാണ് കെ സുധാകരൻ. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ അവകാശവാദം.

സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.  ഭൂമി നഷ്ടമാകുന്ന ജനങ്ങൾക്കൊപ്പം പ്രതിപക്ഷവും അതിര് കല്ലിടലിനെതിരെ സമരം കടുപ്പിക്കുകയാണ്. എന്നാൽ പ്രതിഷേധങ്ങൾ തെരുവ് യുദ്ധമാകുമ്പോഴും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 

സിൽവർ ലൈൻ കല്ലിടലിനെതിരെ വീട്ടമ്മമാരടക്കം രംഗത്തിറങ്ങിയതോടെ സമാനതകളില്ലാത്ത സമരത്തിലേക്കാണ് കേരളം പോകുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് സംഭവിച്ചതിന് സമാനമായ രംഗങ്ങളാണ് മലപ്പുറത്തുമുണ്ടായത്. സ്ത്രീകളടക്കം  കല്ലുകൾ പിഴുതുമാറ്റി. തിരൂർ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങൾ പ്രതിഷേധിച്ചു. പൊലീസും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ വെങ്ങാനൂർ ജുമാ മസ്ജിദിൻറെ പറമ്പിൽ കല്ലിടുന്നത് ഒഴിവാക്കി. പള്ളി പറമ്പിൽ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും പൊലീസ് സഹായത്തോടെ വീടുകളുടെ പറമ്പിൽ കല്ലിടുന്നത് തുടർന്നു. എന്നാൽ ഈ കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു.

Related News