ഖത്തറിൽ നിന്നും ഇന്ധനമെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ജർമനി: ഇനി റഷ്യയുമായി ബന്ധമില്ല

  • 21/03/2022


ദോഹ: മഞ്ഞുകാലമെത്തും മുൻപ് ഇന്ധന പ്രതിസന്ധി പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് യൂറോപ്യൻ രാജ്യമായ ജർമനി. ഇത്ര നാളും എണ്ണ നൽകിയിരുന്ന റഷ്യ, യുക്രൈനിൽ അധിനിവേശം നടത്തിയതോടെ ജർമനിയുടെ ശത്രുപക്ഷമായി മാറി. 

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എണ്ണദാതാക്കളായ, ഇന്ധന ഉല്പാദനത്തിൽ ലോകത്ത് തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഖത്തറുമായി കരാറുകളിൽ ഏർപ്പെട്ട് പ്രതിസന്ധി പരിഹരിക്കാനാണ് ജർമനിയുടെ ശ്രമം. 

ഇതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ജർമൻ സാമ്പത്തിക മന്ത്രി റോബർട്ട് ഹാബെക്ക് അറിയിച്ചു. ഈ ആവശ്യാർഥം, ഖത്തർ അമീറുമായി ജർമൻ പ്രതിനിധികൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

അതേസമയം, ഇന്ധനം വിതരണം ചെയ്യാനുള്ള സജ്ജീകരണത്തിന് വൻ തുക ചെലവ് വരുമെന്നതിനാൽ, ദീർഘകാലകരാറുകളിൽ ഒപ്പിടാനാണ് താത്പര്യമെന്ന് ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. 

ജർമനിയുമായി ഖത്തർ ഏറെ കാലമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, കാലാവധി കൂടിയ കരാറിൽ ഒപ്പുവെക്കാൻ യൂറോപ്യൻ രാജ്യം തയ്യാറായിരുന്നില്ല. എന്നാൽ, റഷ്യയിൽ നിന്നുള്ള ഇന്ധനം നിലച്ചതോടെ, ജർമനി ദീർഘകാലകരാറിൽ ഒപ്പുവെക്കുമെന്നാണ് സൂചനകൾ. 

ഖത്തറിൽ നിന്നും ഇന്ധനമെത്തിക്കാൻ ജർമനിയിൽ രണ്ട് പുതിയ ടെർമിനലുകൾ സ്ഥാപിക്കുമെന്നും ജർമനി അറിയിച്ചു. അമീറിനെ കൂടാതെ, ഖത്തർ ഊർജ്ജകാര്യ മന്ത്രി സാദ് ഷെറീദ അൽ കാബിയുമായും ജർമനി ചർച്ചകൾ നടത്തിയിരുന്നു.

Related News