അപൂർവ്വ ശസ്ത്രക്രിയയ്ക്ക് വിധേയയായി 40കാരി; വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒമ്പത് മാസം വളർച്ചയുള്ള ഭാരമുള്ള മുഴ

  • 21/03/2022

ദുബൈ: അപൂർവ്വ ശസ്ത്രക്രിയയിലൂടെ 40കാരിയുടെ ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്തത് 4.4 കിലോഗ്രാം ഭാരമുള്ള മുഴ. 29 സെന്റീമീറ്റർ നീളമുള്ള മുഴയാണ് നീക്കം ചെയ്തത്. ദുബൈയിലെ അൽ തദാവി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. മേഖലയിൽ തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന ഏറ്റവും വലിയ ഗർഭാശയ മുഴകളിലൊന്നാണിത്.  

അഞ്ച് സെന്റിമീറ്റർ നീളമുള്ള മറ്റൊരു മുഴയും ഇവരുടെ ഗർഭപാത്രത്തിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗിക്ക് തുടർന്ന് ഗർഭധാരണം നടത്തുന്നതിന് തടസ്സമില്ല. ഒമ്പത് മാസം വളർച്ചയുള്ള ഭ്രൂണത്തിന്റെയത്ര ഭാരമുള്ള മുഴയാണ് നീക്കം ചെയ്തത്. മൂന്ന് മണിക്കൂറിനുള്ളിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സങ്കീർണ്ണമായ ശസ്ത്രക്രിയകളിൽ ശ്രദ്ധേയമായ നേട്ടമാണ് ഇതിലൂടെ ഡോക്ടർമാരുടെ സംഘം കൈവരിച്ചത്.

 250 മില്ലിലിറ്റർ രക്തം മാത്രമാണ് ഈ ശസ്ത്രക്രിയയിലൂടെ രോഗിക്ക് നഷ്ടമായതെന്നും ഇത് ഇത്തരം ശസ്ത്രക്രിയകളിലെ മറ്റൊരു നേട്ടമാണെന്നും ഡോക്ടർമാർ വിലയിരുത്തുന്നു. നീക്കം ചെയ്ത മുഴയിലെ കോശങ്ങൾ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു.  ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സ്ത്രീ അൽ തവാദി ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്.

Related News