സിൽവർ ലൈൻ അതിരടയാള കല്ലിടൽ ഇന്നും തുടരാൻ സർക്കാർ; കടുത്ത പ്രതിഷേധവുമായി സമരക്കാർ കോടതിയിലേക്ക്

  • 22/03/2022

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധവും ശക്തമാകും. ചോറ്റാനിക്കര മേഖലയിൽ സർവേയ്ക്കായി ഉദ്യോഗസ്ഥർ എത്തും. മേഖലയിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയും ഇവിടെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ശക്തമായ പ്രതിഷേധങ്ങൾക്കിടെ കോഴിക്കോട് ഇന്നും കെ റെയിൽ സർവെ നടപടികളും അതിരടയാള കല്ല് സ്ഥാപിക്കലും നടക്കും. ഇന്നലെ പ്രതിഷേധം രൂക്ഷമായ പടിഞ്ഞാറെ കല്ലായി ഭാഗത്തുനിന്ന് ആവും ഇന്ന് നടപടികൾ തുടങ്ങുക. 

പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തി വച്ചിരുന്നു.  കെ റെയിൽ  ഉദ്യോഗസ്ഥർക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികൾ. മുൻകൂട്ടി അറിയിപ്പ് നൽകാതെ വീടുകളിൽ അതിരടയാള കല്ല് ഇട്ട തിനെതിരെ കോടതിയെ സമീപിക്കാനാണ് ആണ് സമരക്കാരുടെ തീരുമാനം. അതിനിടെ മന്ത്രി സജി ചെറിയാൻറെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിൻറെ ഓഫീസിലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഇന്നലെയും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് കെ റെയിൽ കല്ലിടലിനെതിരെ ഉയർന്നത്. കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ പിഴുത് സമീപത്തൂടെ പോകുന്ന കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച നിലപാടിൽ നിന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരവുമായി രംഗത്തുണ്ടായി. കോട്ടയത്ത് കെ റെയിൽ കല്ല് കൊണ്ട് വന്ന വാഹനത്തിന് മുകളിൽ കയറി നിന്ന് കോൺഗ്രസ് പ്രവർത്തകരും സമരക്കാരും പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു സമരം. ശക്തമായ പൊലീസ് സന്നാഹമാണ്  സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് പിൻവാങ്ങും വരെ സമരമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. പൊലീസ് സംയമനം പാലിച്ചതോടെ വലിയ തോതിൽ പ്രശ്‌നങ്ങളുണ്ടായില്ല.

Related News