സാമൂഹികാഘാത പഠനം എതിരായാൽ കല്ലുകൾ എടുത്തുമാറ്റും; കെ റെയിലിന്റെ അവകാശവാദം തള്ളി റവന്യൂ മന്ത്രി

  • 26/03/2022

തൃശ്ശൂർ: കെ റെയിലിന്റെ അവകാശവാദം തള്ളി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കല്ലിടാൻ വേണ്ടി റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടില്ല. സാമൂഹികാഘാത പഠനം എതിരായാൽ കല്ലുകൾ എടുത്തുമാറ്റും. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യൂ വകുപ്പ് കല്ലിട്ടത് എന്ന് മന്ത്രി കെ രാജൻ തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹികാഘാത പഠനം നടത്തുമ്പോൾ അതിനുള്ള മേഖല ഏതാണെന്ന് നിശ്ചയിക്കേണ്ടി വരും. അതിന് അതിരടയാളങ്ങൾ ഇടേണ്ടി വരും. അതനുസരിച്ച് എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരും, അതിൽ എത്ര കടകളുണ്ട്, മരങ്ങളുണ്ട് എന്ന് നിശ്ചയിക്കുന്നത്. ഇതിനെല്ലാം നഷ്ടപരിഹാരം കിട്ടും. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ഇപ്പോഴുള്ള അതിരടയാളങ്ങളിൽ കൂടി ഒരു അന്വേഷണം നടത്തിയാണ് അത് രേഖപ്പെടുത്തുക. റിക്വസിഷൻ ഏജൻസി പറയുന്നതനുസരിച്ച് അവർക്കാവശ്യമായ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് നൽകുകയും അതനുസരിച്ചുള്ള നടപടി ക്രമങ്ങൾ മുന്നോട്ട് പോകുകയാണ് ചെയ്യാറ്. ഇതാണ് കേരളത്തിന്റെ നിലവിലുള്ള നിയമമെന്ന് മന്ത്രി വ്യക്തമാക്കി.

കെ റെയിലിന്റെ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട പോസ്റ്റിൽ ഇരിക്കുന്ന ആളുകൾ ഉത്തരവാദിത്തരഹിതമായ അഭിപ്രായം പറയുമെന്ന് കരുതുന്നില്ല. അങ്ങനെ പറയുന്നവർക്ക് അവരുടെ നിലവാരത്തിലുള്ള ഉദ്യോഗസ്ഥന്മാർ അതിന് മറുപടി കൊടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Related News