ഒരേസമയം ആറ് പേരെ പ്രണയിച്ച് പണവും സമ്മാനങ്ങളും തട്ടി; യുവതി പിടിയിൽ!

  • 30/03/2022

ചൈനയിലുള്ള ഒരു സ്ത്രീ ഒരേസമയം ആറ് പേരെ പ്രണയിച്ചു. മാത്രമല്ല പ്രണയം നടിച്ച് അവരിൽ നിന്ന് വിലകൂടിയ സമ്മാനങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തു. സംഭവം പുറത്തുവന്നതോടെ, മാവോ എന്ന് വിളിക്കപ്പെടുന്ന 42 -കാരിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുപേരെ ഒരുപോലെ കൊണ്ട് നടക്കാൻ സാധിച്ച അവളുടെ ടൈം മാനേജ്മന്റ് കഴിവുകളെ പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.     

സുന്ദരിയായ ഈ സ്ത്രീ അവിവാഹിതയാണെന്ന് പറഞ്ഞ് ഡേറ്റിംഗ് സൈറ്റുകളിലൂടെയാണ് തട്ടിപ്പ് നടത്തിയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആറു പുരുഷൻമാരെ വഞ്ചിച്ച് ഒരേ സമയം  അവരിൽനിന്നും വില കൂടിയ വസ്തുക്കളും പണവും സമ്മാനമായി സ്വീകരിക്കുകയായിരുന്നു ഇവർ എന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. പുരുഷൻമാർ പരസ്പരം ഇക്കാര്യം അറിയാതിരുന്നതിനാൽ തട്ടിപ്പ് ഏറെക്കാലമായി തുടർന്നുപോരുകയായിരുന്നു. അതിനിടയിൽ, ഒരാൾക്ക് ഇതിൽ സംശയം തോന്നിയതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. 

2021 ജൂലൈ-ഡിസംബർ മാസങ്ങളിലാണ് ഈ തട്ടിപ്പ് നടന്നതെന്ന് ചൈനീസ് മാധ്യമമായ ഡെയിലി ഇക്കണോമിക് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആറ് മധ്യവയസ്‌കരുമായാണ് മാവോ ഡേറ്റിംഗ് നടത്തിയത്. ഓരോരത്തേരുമായും നല്ല ബന്ധം പുലർത്തിയ ഈ സ്ത്രീ അവരെ കബളിപ്പിച്ച്  സ്മാർട്ട്‌ഫോണുകൾ, കംപ്യൂട്ടറുകൾ, വസ്ത്രങ്ങൾ എന്നിവ വാങ്ങുകയും പലപ്പോഴായി അവരിൽ നിന്നും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ കാമുകന്മാരിൽ ഒരാളായ ഇവു എന്നയാളാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇയാൾക്ക് ഒരു ഘട്ടത്തിൽ അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നുകയായിരുന്നു. അങ്ങനെ അവളെ കുറിച്ച് അയാൾ രഹസ്യമായി അന്വേഷണം നടത്തി.  

2021 ഓഗസ്റ്റ് 28 -ന് ഒരു ഡേറ്റിംഗ് സൈറ്റിലാണ് താൻ മാവോയെ കണ്ടുമുട്ടിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ഇയാൾ പറഞ്ഞു. അവൾ ആവശ്യപ്പെട്ടതെല്ലാം താൻ മടി കൂടാതെ സാധിച്ച് കൊടുത്തതായും ഇയാൾ പറയുന്നു. ഒടുവിൽ പ്രണയം അസ്ഥിയ്ക്ക് പിടിച്ച നിലയിലായി. അവളോട് വിവാഹത്തെ കുറിച്ച് അയാൾ സംസാരിച്ചു. എന്നാൽ ആദ്യമൊക്കെ സമ്മതം മൂളിയെങ്കിലും കാര്യത്തോടടുത്തപ്പോൾ അവൾ നൈസായി ഒഴിവായി. വിവാഹ വസ്ത്രത്തിനെന്നും പറഞ്ഞ് ഇയാളിൽ നിന്ന് യുവതി പണം വാങ്ങിയിരുന്നു.  പക്ഷേ, പിന്നീട് വിവാഹം നിരസിച്ചത്. ഇതോടെ അയാൾക്ക് സംശയങ്ങളായി. തന്റെ പണം തിരികെ നൽകാൻ അയാൾ അവളോട് ആവശ്യപ്പെട്ടു. അവൾ വിസമ്മതിച്ചപ്പോൾ അയാൾ പൊലീസിൽ പരാതിപ്പെട്ടു.  

പിന്നീട് നടന്ന അന്വേഷണത്തിലാണ് മാവോയുടെ കെണിയിൽ വീണത് ഇവു മാത്രമല്ലെന്ന് പൊലീസിന് മനസ്സിലായത്. അവൾ മറ്റ് അഞ്ച് പുരുഷന്മാരെ കൂടി അതേ രീതിയിൽ കബളിപ്പിക്കുകയായിരുന്നു. ആറ് മാസത്തിനിടെ ആറ് പുരുഷന്മാരിൽ നിന്നായി 17 ലക്ഷം രൂപയാണ് ഇവൾ തട്ടിയെടുത്തത്. മോഷ്ടിച്ച പണം മുഴുവൻ അവൾ ചെലവഴിക്കുകയും ചെയ്തു. മധ്യവയസ്‌കരായ പുരുഷന്മാരെയാണ് അവൾ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി നിരവധി ഡേറ്റിംഗ് സൈറ്റുകളിൽ മാവോ രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ, മാവോക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസ് തുടരന്വേഷണത്തിലാണ്.

Related News