നാടകീയ നീക്കങ്ങൾക്കൊടുവിൽ പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് ഇമ്രാൻ ഖാൻ

  • 03/04/2022


കറാച്ചി: അത്യന്തം നാടകീയമായ നീക്കങ്ങൾക്കൊടുവിൽ പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് ഇമ്രാൻ ഖാൻ. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ജനത്തിനോട് തെരഞ്ഞെടുപ്പിനൊരുങ്ങാനാണ് നിർദ്ദേശം. 

വിദേശ ശക്തികളോ അഴിമതിക്കാരോ അല്ല രാജ്യത്തിന്‍റെ വിധി തീരുമാനിക്കേണ്ടത്, തെരഞ്ഞെടുപ്പ് എത്തും വരെ കാവൽ സർക്കാരുണ്ടാകും, അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇമ്രാൻ രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രഖ്യാപിച്ചു. 

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഭരണഘടനയ്ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇമ്രാന്‍ ഖാന്‍ സഭയില്‍ എത്തിയിരുന്നില്ല. നേരത്തെ തന്നെ കാര്യങ്ങൾ എങ്ങനെയാവണമെന്ന് ഇമ്രാൻ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തം. 

ഇമ്രാനെ താഴെയിറക്കാമെന്ന് കരുതിയ പ്രതിപക്ഷത്തെ ഞെട്ടിച്ച് കൊണ്ട് ഇമ്രാൻ ഖാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പുറത്താക്കപ്പെടുന്ന പ്രധാനമന്ത്രിയെന്ന നാണക്കേടിൽ നിന്നും ഇമ്രാൻ ഖാൻ രക്ഷപ്പെട്ടു. 

Related News