രാജ്യത്ത് കറുപ്പ് കൃഷി നിരോധിച്ച് താലിബാൻ

  • 04/04/2022


അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഞായറാഴ്ച മുതൽ രാജ്യത്ത് കറുപ്പ് കൃഷി നിരോധിച്ചു. ഇത് കൂടാതെ, മറ്റ് മയക്കുമരുന്നുകളുടെ ഉത്പാദനം, ഉപയോഗം, ഗതാഗതം എന്നിവയും താലിബാൻ നിരോധിച്ചതായി പറയുന്നു. രാജ്യത്തുടനീളമുള്ള കർഷകർ കറുപ്പ് വിളവെടുക്കാൻ തുടങ്ങിയ സമയത്താണ് താലിബാൻ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിളവെടുപ്പ് തുടർന്നാൽ കർഷകരുടെ വിളകൾ കത്തിക്കുമെന്നും നിയമം ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാൻ ഒരു വലിയ സാമ്പത്തിക തകർച്ചയെ നേരിടുന്ന ഈ സമയത്ത് കറുപ്പ് കൃഷി നിരോധിക്കുന്നത് ദരിദ്രരായ കർഷകരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന ആശങ്ക അതോടെ രാജ്യത്ത് ഉയർന്നിരിക്കയാണ്.  

കാബൂളിൽ നടന്ന വാർത്താ സമ്മേളനത്തിൽ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദാണ് ഈ പ്രഖ്യാപനം നടത്തിയത്. മയക്കുമരുന്ന് ഉൽപ്പാദനം, ഹെറോയിൻ, ഹാഷിഷ്, മദ്യം എന്നിവയുടെ ഗതാഗതം, വ്യാപാരം, കയറ്റുമതി, ഇറക്കുമതി എന്നിവയും ഉത്തരവിൽ നിരോധിച്ചു. 1990 -കളുടെ അവസാനത്തിൽ താലിബാൻ ഭരണത്തിൽ കയറിയ സമയത്തും കറുപ്പ് കൃഷി നിരോധിച്ചിരുന്നു. അക്കാലത്ത്, നിരോധനം രണ്ട് വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി നടപ്പാക്കി. യുഎൻ പറയുന്നതനുസരിച്ച്, പോപ്പി ഉൽപാദനം ഇല്ലാതാക്കാൻ ഈ നീക്കം വളരെ സഹായകമായി.  

എന്നാൽ, 2001-ൽ താലിബാൻ പുറത്തായതിന് ശേഷം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും കർഷകർ വീണ്ടും കറുപ്പ് കൃഷിയിലേക്ക് മടങ്ങി. ദശലക്ഷക്കണക്കിന് ചെറുകിട കർഷകരുടെയും ദിവസക്കൂലിക്കാരുടെയും പ്രധാന വരുമാനമാർഗമാണ് കറുപ്പ്. ഇതുവഴി അവർക്ക് പ്രതിമാസം 300 ഡോളറിലധികം സമ്പാദിക്കാൻ കഴിയുമായിരുന്നു. അന്താരാഷ്ട്ര സമൂഹം ഇതിനെ പ്രതിരോധിക്കാൻ കഴിഞ്ഞ 20 വർഷമായി പരിശ്രമിക്കുന്നുവെങ്കിലും, ഇന്നും ലോകത്തിലെ ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമായി തുടരുകയാണ് അഫ്ഗാനിസ്ഥാൻ. 2021-ൽ, താലിബാൻ ഏറ്റെടുക്കുന്നതിന് മുമ്പ്, അഫ്ഗാനിസ്ഥാൻ 6,000 ടണ്ണിലധികം കറുപ്പാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇതിൽ നിന്ന് 320 ടൺ ശുദ്ധമായ ഹെറോയിൻ ലഭിക്കുമെന്നാണ് യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസ് പറയുന്നത്.  

Related News