വിവിധ ഉരഗങ്ങൾ അനധികൃതമായി കടത്തപ്പെടുന്നു: വന്യജീവികളെ സംരക്ഷണപട്ടികയിൽ ഉൾപ്പെടുത്തി ഓസ്ട്രേലിയ

  • 06/04/2022



ഓസ്ട്രേലിയയിൽ വിവിധ ഉരഗങ്ങൾ അനധികൃതമായി കടത്തപ്പെടുന്നുണ്ട്. അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ ഡിമാൻഡാണ് ഇവയിൽ പല ജീവികൾക്കും. അതേ തുടർന്ന് ഇപ്പോൾ, ഓസ്ട്രേലിയ വിവിധ വന്യജീവികളെ സംരക്ഷണപട്ടികയിൽ ഉൾപ്പെടുത്തിരിക്കുകയാണ്. പ്രാദേശികമായി കണ്ടുവരുന്ന 130 ഓളം ഉരഗ വർഗ ജീവികളെയാണ് ഇങ്ങനെ സംരക്ഷണ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ഇത് ലക്ഷ്യം വയ്ക്കുന്നത് ആഗോളതലത്തിൽ തന്നെ പ്രവർത്തിക്കുന്ന വന്യജീവി കടത്തുസംഘങ്ങളെയാണ്. 

കാണാൻ വ്യത്യസ്തങ്ങളായ ഓസ്ട്രേലിയയിലെ ഉരഗങ്ങൾ പലപ്പോഴും ഇങ്ങനെ കടത്തുകാരുടെ ഇരയാവാറുണ്ട്. പരിസ്ഥിതി മന്ത്രി സൂസൻ ലെ പട്ടികപ്പെടുത്തിയിരിക്കുന്ന ഉരഗങ്ങളിൽ വിവിധയിനം പല്ലികളും ഉൾപ്പെടുന്നു. നീലനാവുള്ളതും വ്യത്യസ്ത നിറത്തിലുള്ളതുമായ പല്ലികളും ഇതിൽ പെടുന്നു. പലപ്പോഴും പല പെറ്റ് ട്രേഡിംഗ് വെബ്‍സൈറ്റുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും എല്ലാം ഇത്തരം ജീവികളുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. അതോടെ ഇതിന് ഡിമാൻഡും കൂടുന്നു. 

തീർന്നില്ല, അനധികൃതമായി കടത്തപ്പെടുന്ന ജീവികൾക്ക് പലപ്പോഴും വലിയ ക്രൂരതകളാണ് അനുഭവിക്കേണ്ടി വരുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. വെള്ളമോ ഭക്ഷണമോ പോലും കൊടുക്കാതെയാണ് ഇവയെ കടത്തുന്നത്. രഹസ്യമായി കടത്തുന്ന സമയങ്ങളിൽ പലപ്പോഴും ചെറിയ ബോക്സുകളിലും കുപ്പികളിലും സോക്സുകളിലും ഒക്കെയായിട്ടാണ് ഇവയെ ഇടുന്നത്. പല ജീവികൾക്കും ഈ കടത്തുകൾക്കിടയിൽ തന്നെ ജീവൻ നഷ്ടപ്പെടുന്നു. 

"നിർഭാഗ്യവശാൽ, നമ്മുടെ ഉരഗങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നു. പ്രത്യേക അനുമതികളില്ലാതെ ഈ ജീവികളെ കയറ്റുമതി ചെയ്യുന്നത് ഓസ്‌ട്രേലിയൻ നിയമപ്രകാരം ഇതിനകം തന്നെ ഒരു കുറ്റകൃത്യമാണെന്ന് ഞാൻ ഊന്നിപ്പറയുന്നു. ഈ ലിസ്റ്റിംഗ് അവയുടെ സംരക്ഷണത്തിന് അധിക അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കും" ലേ പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ തന്നെ വന്യജീവി കടത്തുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. ഇനി ഓസ്ട്രേലിയയിൽ നിന്നും ഈ സംരക്ഷണപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവികളെ ഇറക്കുമതി ചെയ്താൽ അറിയിക്കണമെന്നും രാജ്യം നിർദേശം നൽകിയിട്ടുണ്ട്. ഇതുവഴി എവിടെനിന്നുമാണ് ഇവയെ കടത്തിയത് എന്ന് അറിയാൻ സാധിക്കും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 

Related News