സിപിഎം പാർട്ടി കോൺഗ്രസ് രണ്ടാംദിനം: കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച

  • 07/04/2022

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൻറെ രണ്ടാം ദിനമായ ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച നടക്കും. കേരളത്തിൽ നിന്ന് മൂന്ന് പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ച പൂർത്തിയായ ശേഷം രാഷ്ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരം നൽകും. ഇന്നലെ മൂന്ന് മണിക്കൂർ നീണ്ട കരട് പ്രമേയമാണ് സീതാറാം യെച്ചൂരി അവതരിപ്പിച്ചത്. കരട് രാഷ്ട്രീയ പ്രമേയ അവതരണത്തിൽ റഷ്യക്കെതിരെ കടുത്ത വിമർശനമാണ് സീതാറാം യെച്ചൂരി ഉന്നയിച്ചത്. പുടിന്റേത് സങ്കുചിത ദേശീയ ചിന്താഗതിയാണ്. ഇത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. ശ്രീലങ്ക നേരിടുന്നത് ആഗോളവത്കരണ പാതയുടെ പ്രതിസന്ധിയാണെന്നെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ യെച്ചൂരി പറഞ്ഞു. 

അതേസമയം, സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്.

എന്നാൽ, ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ ദില്ലിയിൽ പറഞ്ഞിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

Related News