പാകിസ്ഥാനിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീളുന്നു: പങ്കെടുക്കാതെ ഇമ്രാൻ ഖാൻ

  • 09/04/2022


കറാച്ചി: പാകിസ്ഥാനിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീളുന്നു. വിദേശഗൂഢാലോചന ചർച്ച ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ സഭാ നടപടികൾ ഒരു മണിവരെ നിർത്തിവച്ചു. സഭയിൽ ഇമ്രാൻ ഖാൻ എത്തിയിട്ടില്ല. 

സഭ സമ്മേളനത്തിന്‍റെ തുടക്കത്തിൽ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിന് സ്പീക്കർ സംസാരിക്കാൻ അവസം നൽകി. എന്നാൽ ഷഹബാസ് സംസാരിക്കാൻ തുടങ്ങിയതോടെ പിടിഐ എംഎൽഎമാർ ബഹളം വച്ചു, മുദ്രാവാക്യം വിളികളുയർന്നു. സമ്മേളനം സുപ്രീം കോടതി നിർദ്ദേശം പോലെ നടത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ട പ്രതിപക്ഷം ഇന്ന് ഭരണഘടനാപരമായി തന്നെ പ്രധാനമന്ത്രിയെ നീക്കുമെന്ന് വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ സ്പീക്കർ പ്രതിജ്ഞാബദ്ധനാണെന്നായിരുന്നു ഷഹബാസ് ഷരീഫിന്‍റെ ഓർമ്മപ്പെടുത്തൽ. 

പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷിയാണ് ഭരണപക്ഷത്തിനായി സംസാരിച്ചത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവകാശമുള്ളത് പോലെ തന്നെ അതിനെ പ്രതിരോധിക്കാൻ സർക്കാരിനും അവകാശമുണ്ടെന്നായിരുന്നു മഹമൂദ് ഖുറേഷിയുടെ നിലപാട്. സുപ്രീം കോടതി വിധിയിൽ നിരാശയുണ്ടെങ്കിൽ വിധി അംഗീകരിക്കുന്നുവെന്നും ഭരണകക്ഷി പ്രതിനിധി വ്യക്തമാക്കി. 

ഡെപ്യൂട്ടി സ്പീക്കറെ കൂട്ടുപിടിച്ച്, പ്രതിപക്ഷത്തെ ഞെട്ടിച്ച് കൊണ്ട് സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിന് ആഹ്വാനം നൽകിയ ഇമ്രാന്‍റെ നീക്കത്തെ സുപ്രീം കോടതിയാണ് പരാജയപ്പെടുത്തിയത്. അവിശ്വാസത്തിൽ വോട്ടെടുപ്പ് നേരിടണമെന്ന വിധി വന്നതോടെ ഇമ്രാൻ മുൻ കൂട്ടി തയ്യാറാക്കിയ ഗെയിം പ്ലാൻ പൊളിഞ്ഞു. 

Related News