മതനിന്ദ ആരോപിച്ച് ലങ്കന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാക്കിസ്ഥാനില്‍ ആറ് പേര്‍ക്ക് വധശിക്ഷ

  • 19/04/2022

ലാഹോര്‍: മതത്തെ നിന്ദിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ പൗരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആറ് പേര്‍ക്ക് വധശിക്ഷ. ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.

കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേരടക്കം 72 പ്രതികള്‍ക്ക് രണ്ട് വര്‍ഷത്തെ കഠിന തടവും ശിക്ഷയുണ്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനായിരുന്നു കുറ്റകൃത്യം നടന്നത്. ദൈവനിന്ദയാരോപിച്ച് തെഹ്രിക് ഇ- ലബ്ബൈയ്ക് പാര്‍ട്ടിയിലെ 800 പ്രവര്‍ത്തകര്‍ ചേര്‍ന്ന് വസ്ത്രനിര്‍മാണ ഫാക്ടറി ആക്രമിക്കുകയും ശ്രീലങ്കന്‍ പൗരനായ ജനറല്‍ മാനേജര്‍ പ്രിയന്ത കുമാരയെ കൊലപ്പെടുത്തുകയുമായിരുന്നു. കായിക വസ്ത്ര നിര്‍മ്മാതാക്കളായ രാജ്‌കോ ഇന്‍ഡസ്ട്രീസിലെ ജനറല്‍ മാനേജരായിരുന്നു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രിയന്ത കുമാര. ഫാക്ടറിയിലെ ഇന്‍സ്‌പെക്ഷനിടെ ഇസ്ലാമിക വചനങ്ങളുള്ള തെഹ്രിക്  ഇ- ലബ്ബൈയ്ക് പാര്‍ട്ടിയുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞെന്നായിരുന്നു കൊലപാതകത്തിന് കാരണം.

ഫാക്ടറിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും തീ കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു. 200 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തതെങ്കിലും അതില്‍ നൂറോളം പേരെ തെളിവുകള്‍ ഇല്ലെന്ന് കാണിച്ച് വെറുതെ വിടുകയായിരുന്നു. എല്ലാവര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.



Related News