കാബൂളിനെ ഞെട്ടിച്ച് മൂന്നിടത്ത് സ്ഫോടനപരമ്പര: സ്ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു

  • 19/04/2022



കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിനെ ഞെട്ടിച്ച് മൂന്നിടത്ത് സ്ഫോടനപരമ്പര. പടിഞ്ഞാറൻ കാബൂളിലുള്ള അബ്ദുൾ റഹിം ഷാഹിദ് ഹൈസ്കൂളിൽ അടക്കം മൂന്നിടങ്ങളിലാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് കാബൂൾ പൊലീസ് സ്ഥിരീകരിക്കുന്നത്. 

കാബൂളിലെ ഷിയാ ഭൂരിപക്ഷമേഖലയായ ദഷ്‍ത് - എ - ബർചിയുടെ പ്രാന്തപ്രദേശത്താണ് ആക്രമണമുണ്ടായത് എന്നാണ് വിവരം. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്‍റാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ എത്രയെന്ന് പൊലീസിന് ഇപ്പോൾ സ്ഥിരീകരിക്കാനാകുന്നില്ല. 

സ്കൂളിൽ ആക്രമണം നടത്തിയത് ചാവേറാണ് എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ ലേഖകൻ എഹ്സാനുള്ള അമീറി റിപ്പോർട്ട് ചെയ്യുന്നത്. ''അബ്ദുൾ റഹിം ഷാഹിദ് സ്കൂളിന് മുന്നിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്ഫോടനത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു അധ്യാപകൻ എന്നോട് പറഞ്ഞു. നിരവധിപ്പേർ കൊല്ലപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. കൂട്ടത്തിൽ കുട്ടികളുമുണ്ട്'', എഹ്‍സാനുള്ള ട്വിറ്ററിൽ കുറിക്കുന്നു. കുട്ടികൾ രാവിലത്തെ ക്ലാസുകൾ കഴിഞ്ഞ് പുറത്തുവന്ന സമയത്താണ് ആക്രമണമുണ്ടായത്. 

Related News